മയക്കോവിസ്കി പനച്ചൂരാന്‍ കോണ്‍ഗ്രസിനൊപ്പം!

സന്ദീപ് കൃഷ്ണന്‍

WEBDUNIA|
PRO
PRO
ഉത്തരേന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സ്വന്തമായി കവികളുണ്ട്. ബിജെപി കവികള്‍ എന്നും കോണ്‍ഗ്രസ് കവികള്‍ എന്നുമെല്ലാം അവരെ പേരിട്ട് വിളിക്കാം. സ്വന്തം പാര്‍ട്ടിക്കാരെ പാടിപ്പുകഴ്ത്തുകയല്ലാതെ വേറെ പണിയൊന്നും ഇല്ല ഇവറ്റയ്ക്ക്. തമിഴകത്ത് സര്‍ക്കാര്‍ കവികള്‍ സര്‍ക്കാരിതര കവികള്‍ എന്നിങ്ങനെണ് തരം തിരിവ്. കനിമൊഴി, സല്‍മ തുടങ്ങിയ സര്‍ക്കാര്‍ കവികള്‍ ‘അധികാരത്തിന്റെ ഇടനാഴിയില്‍’ ഇരുന്നാണ് കവിതയെഴുതാറ്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് കവികളുടെ പിന്തുണ ഏതുകാലത്തും നിരുപാധികമായും സോപാധികമായും ലഭിച്ചുപോന്നിട്ടുള്ളത്. ഒരുകാലത്ത് ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയുമെല്ലാം പിന്തുണ ലഭിച്ചിരുന്ന ഇടതുപക്ഷത്തിന് ഇപ്പോള്‍ മുരുകന്‍ കാട്ടാക്കടയുടെയും അനില്‍ പനച്ചൂരാന്റെയുമെല്ലാം പിന്തുണകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. വകതിരിവുള്ള കവികളെ ഒരു കഴഞ്ചിന് പോലും കിട്ടാത്ത അവസ്ഥയാണുള്ളത്.

ഇപ്പോഴാകട്ടെ മേമ്പൊടിക്ക് കയ്യിലുണ്ടായിരുന്ന കവികളില്‍ രണ്ടെണ്ണം മറുകണ്ടം ചാടിയെന്ന വാര്‍ത്തയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വലയ്ക്കുന്നത്. ‘കേരള മയക്കോവിസ്കി’ എന്നെല്ലാം വിളിപ്പേര് കേള്‍ക്കാന്‍ യോഗ്യതയുള്ള കവിയായി സിപിഎമ്മുകാര്‍ കൊണ്ടുനടന്ന കവി സാക്ഷാല്‍ അനില്‍ പനച്ചൂരനാണ് യൂഡിയെഫിനൊപ്പം പോകുന്നത്. ഇങ്ങനെ പോയാല്‍ എങ്ങനെ വിപ്ലവം വരുമെന്ന ചിന്തയാല്‍ വലഞ്ഞുപോയ കമ്മ്യൂണിസ്റ്റുകാര്‍ നാട്ടിലെ കവികളെയെല്ലാം ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താന്‍ പോകുകയാണെന്ന് വാര്‍ത്ത വന്നിട്ടുണ്ട്

മറുകണ്ടം ചാടിയ മറ്റൊരു കവി വയലാര്‍ ശരത് ചന്ദ്രവര്‍മ്മയ്ക്കാണെത്രെ സി‌പി‌എം ഭീഷണി. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കൂലിപ്പാട്ടെഴുതി എന്ന കാരണം കൊണ്ടാണ് ശരത്തിനെതിനെ സിപി‌എം തിരിഞ്ഞിരിക്കുന്നത്! അച്ഛന്‍ ആനപ്പുറത്തേറിയതിന്റെ തഴമ്പ് മകന്റെ ആസനത്തില്‍ തിരയുന്ന പണിയാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ!

കൂടാതെ കൂലിക്കായാലും അല്ലാതെയായാലും സിപിഎമ്മിനുവേണ്ടി മാത്രമേ പാട്ടെഴുതാവൂ എന്നുമുണ്ട്. അല്ലാത്തവരെല്ലാം ബൂര്‍ഷ്വാ ഭരണവര്‍ഗ്ഗ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതാക്കളുടെ പെറ്റി ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ആശയഗതികളുടെ വക്താക്കളാണെന്ന് കേരളീയര്‍ക്കറിയാം. അവരുടെ ഫ്യൂഡല്‍ ഹാംഗോവറുള്ളതും മൂലധനശക്തികള്‍ക്ക് ഓശാന പാടുന്നതുമായ കവിതകള്‍ ആരും തന്നെ വായിക്കുകയില്ല!!

‘തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്’ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് നില്‍‌ക്കേണ്ട എന്നാണ് അനില്‍ പനച്ചൂരാന്‍ പറയുന്നതെത്രെ. കാരണം, ദേശീയ വികാരമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് ശക്തി പ്രാപിച്ചില്ലെങ്കില്‍ രാഷ്ട്രം ഭിന്നിച്ചുപോകും എന്ന ചിന്തയാണ് അനില്‍ പനച്ചൂരാനെ കോണ്‍ഗ്രസിലേക്കെത്തിച്ചത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയേ തീരൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് കവി.

ഇത്ര കൊടിയ ദേശീയ വികാരം ടാഗോറിനുശേഷം ഒരു ഇന്ത്യന്‍ കവി പ്രകടിപ്പിക്കുന്നത് ഇതാദ്യമാണെന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ, പനച്ചൂരാന് ഇത്തിരി പിശകി. പനച്ചൂരാന്റെ കവിതകള്‍ കേട്ടതിനുശേഷവും ഭിന്നിച്ചുപോകാതിരുന്ന ഇന്ത്യന്‍ ജനത, ഏത് ഭീകരമായ സുനാമിയേയും അതിജീവിക്കുവാനുള്ള അതിന്റെ ശേഷി തെളിയിച്ചു കഴിഞ്ഞതാണ്. അത് കള പനച്ചൂരാനേ!

സര്‍ക്കാര്‍ ഗ്രാന്റുകള്‍, അക്കാദമികളുടെ സ്ഥാനമാനങ്ങള്‍, സാംസ്കാരിക യാത്രകള്‍ തുടങ്ങിയവയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ നില്‍ക്കുന്ന കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ലഭിക്കാവുന്ന ഗുണങ്ങള്‍. ഈയിടെയായി പിഎസ്‌സി ബോര്‍ഡില്‍ അംഗത്വവും നല്‍കിത്തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിലാണെങ്കില്‍ ഈ വക സ്ഥാനമാനങ്ങള്‍ക്കായി സാഹിത്യകാരന്മാരുടെ തല്ലാണ്.

ഔദ്യോഗിക വിഭാഗത്തെ പ്രീണിപ്പിക്കാനായി ദിനോസറുകളെക്കുറിച്ച് കഥയെഴുതി പ്രസിദ്ധീകരിച്ചവര്‍ വരെയുണ്ട്. ഇവര്‍ക്കിടയില്‍ പെട്ടാല്‍ തനിക്ക് ഉള്ള കവിതച്ചൂരും ഇല്ലാതാകുമെന്ന് പനച്ചൂരാനറിയാം. കോണ്‍ഗ്രസ്സിലാണെങ്കില്‍ സാഹിത്യം തുലോം കുറവാണ്. ഒരു ബാലചന്ദ്രന്‍ വടക്കേടത്ത്, അര യുകെ കുമാരന്‍ എന്നിങ്ങനെയാണ് കാര്യങ്ങള്‍. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിനെ പനച്ചൂരാന്‍ ഒരു ഒന്നൊന്നര പനച്ചൂരാന്‍ ആയിരിക്കും എന്ന് അവസാനിപ്പിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :