ന്യൂഡല്‍ഹി: 2ജി സ്പെക്‍ട്രം അഴിമതി അന്വേഷിക്കുന്നതിന് 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ പി സി)രൂപീകരിക്കും. കോണ്‍ഗ്രസില്‍ നിന്ന് 11 അംഗങ്ങളാണ് സമിതിയില്‍ ഉണ്ടാവുക. ബിജെപിയില്‍ നിന്ന് ആറും ഇടതുപക്ഷത്ത് നിന്ന് രണ്ടും അംഗങ്ങള്‍ ഉണ്ടാവും. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ജെഡി (യു), ഡിഎംകെ എന്നീ പാര്‍ട്ടികളുടെ പ്രധിനിധികളായിരിക്കും ബാക്കിയുള്ളവര്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയുടെ പേര് സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കപില്‍ സിബല്‍, വി കിഷോര്‍ ചന്ദ്ര ദിയോ തുടങ്ങിയവരുടെ പേരും പരിഗണയിലുണ്ട്.
21 അംഗ ജെപിസി ക്ക് രൂപം നല്‍കും എന്നായിരുന്നു പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചിരുന്നത്. എന്നാല്‍, എഐഎഡിഎംകെ, എന്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയായിരുന്നു. ചെറു പാര്‍ട്ടികളുടെ പ്രതിനിധികളെ 21 അംഗ സമിതിയില്‍ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഇന്ന് ലോക്സഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തങ്ങളെ അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതെത്തുടര്‍ന്നാണ് തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.
പ്രതിപക്ഷത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജെപിസിക്ക് വഴങ്ങാന്‍ തീരുമാനിച്ചത്. 2ജി സ്‌പെക്ട്രം ഇടപാടിനു പുറമെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ആദര്‍ശ് ഭവന കുംഭകോണവും സംയുക്ത സഭാ സമിതി അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2ജി സ്‌പെക്ട്രം ഇടപാടല്ലാതെ മറ്റൊരു വിഷയവും നിര്‍ദിഷ്ട സമിതിയുടെ പരിഗണനയ്ക്ക് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.