ഒഎന്‍വി വിസ്‌മരിക്കപ്പെടും, എം‌ടി നിലനില്‍ക്കും!

ഒഎന്‍വി, എം‌ടി, കല്‍പ്പറ്റ നാരായണന്‍, ലോഹിതദാസ്, സച്ചിദാനന്ദന്‍
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (16:41 IST)
തന്നിലെ മാലാഖയെ മാത്രമല്ല, പിശാചിനെയും ആവിഷ്കരിക്കുന്ന എഴുത്തുകാര്‍ മാത്രമേ കാലാതീതരായി നിലനില്‍ക്കൂ എന്ന് എഴുത്തുകാരനും വിമര്‍ശകനും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍. തന്നിലെ മാലാഖയെ മാത്രം ആവിഷ്‌കരിക്കുന്ന ഒ എന്‍ വി കുറുപ്പ് വിസ്മരിക്കപ്പെടുമെന്നും തന്നിലെ പിശാചിനെക്കുറിച്ചും എഴുതുന്ന എം ടി നിലനില്‍ക്കുമെന്നുമാണ് കല്‍പ്പറ്റ നാരായണന്‍ പറയുന്നത്.

ഇപ്പോള്‍ മഹാപ്രസക്തനായിരിക്കുന്ന കെ സച്ചിദാനന്ദന്‍ കാലം കഴിയുമ്പോള്‍ ഒരുവനാലും കവിയായി അംഗീകരിക്കപ്പെടാത്ത ഒരാളായി മാറും. ഒ എന്‍ വിയെ പാടേ മറക്കപ്പെടുന്നതും നമുക്ക് കാണാന്‍ കഴിയും. എഴുത്തുകാര്‍ അവനവനിലെ മാലാഖയെ മാത്രം ആവിഷ്‌കരിച്ചാല്‍ പോര, അവനവനിലെ പിശാചിനെയും ആവിഷ്‌ക്കരിക്കണം. അതില്ലാത്തവരുടെ കൃതികള്‍ കാലാതീതമാകാന്‍ പോകുന്നില്ല - കല്‍പ്പറ്റ പറയുന്നു.

ഒ എന്‍ വി കുറുപ്പും സച്ചിദാനന്ദനുമൊക്കെ മാലാഖയെ മാത്രം ആവിഷ്‌കരിക്കുന്ന ആളുകളാണ്. അവരുടെ കവിതകളില്‍ ഒരിക്കല്‍ പോലും അവര്‍ അനുഭവിച്ച വ്യക്തിപരമായ യാതനയുടെയോ അപമാനത്തിന്റെയോ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. വൈലോപ്പിള്ളിയെ വായിച്ചു നോക്കൂ, ഈ ഏകാന്തത, തെറ്റുകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളില്‍ കാണാം - കല്‍പ്പറ്റ നാരായണന്‍ വ്യക്തമാക്കുന്നു.

ആത്മാനുരാനുരാഗിയായ എഴുത്തുകാരനാണ് ടി പത്‌നാഭന്‍. താന്‍ എഴുതിയിട്ടുള്ള കഥകള്‍ തന്നെത്തന്നെ പ്രശംസിക്കാനുള്ള ഉപായങ്ങളാക്കി അദ്ദേഹം മാറ്റി‍. അദ്ദേഹം മാലാഖമാരുടെ മാത്രം കഥകള്‍ എഴുതുന്ന ആളാണ്. എന്നാല്‍ എം ടി അങ്ങനെയല്ല. തന്നിലെ പിശാചിനെ കണ്ടിട്ടുള്ള ആളാണ് എംടി. സിംഹം മറ്റൊരു സിംഹത്തെ കിണറ്റില്‍ കണ്ടതുപോലെ അസ്വസ്ഥനായിട്ടുമുണ്ട് അദ്ദേഹം - തൃശൂരില്‍ സദസ്സ് സാഹിത്യവേദിയുടെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു കല്‍പ്പറ്റ നാരായണന്‍.

ഉള്ളടക്കത്തിന് കടപ്പാട് - ദി ക്രിട്ടിക്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :