ജെ സി ഡാനിയേല്‍ പുരസ്കാരം എംടിക്ക്

തിരുവനന്തപുരം| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (14:01 IST)
2013-ലെ ജെ സി ഡാനിയേല്‍ പുരകാരം പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എംടിയുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് അദ്ദേഹത്തിന്റെ സാഹിത്യസപര്യ തുടങ്ങുന്നത്.

1957-ല്‍
’പാതിരാവും പകല്‍‌വെളിച്ചവും’ എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ ഖണ്ഡശഃ പുറത്തുവന്നു. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്),‘രണ്ടാമൂഴം’(1984-വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ല്‍ പത്മഭൂഷണ്‍ നല്‍കി എംടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാര്‍‍ ആദരിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :