എച്ച്എംടി മൂവായിരത്തോളം തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു, 2900 തൊഴിലാളികളെ പറഞ്ഞുവിടും

ബംഗലൂരു| VISHNU N L| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (11:01 IST)
ഒരുകാലത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന എച്ച്എംടി മൂവായിരത്തോളം തസ്തികകൾ വെട്ടിക്കുറച്ച് അഴിച്ചുപണിക്കൊരുങ്ങുന്നു. കമ്പനി കടുത്ത സാമ്പത്തിക നഷ്ടത്തിലായതിനാലാണ് പുതിയ തീരുമാനം. നഷ്ടംമൂലം ബെംഗളൂരുവിലെ എച്ച്എംടി വാച്ചസ്, ഉത്തരാഖണ്ഡ് റാണിബാഗിലെ എച്ച്എംടി ചിനാർ വാച്ചസ്, ഹൈദരാബാദിലെ എച്ച്എംടി ബെയറിങ്സ് എന്നീ യൂണിറ്റുകൾ അടച്ചുപൂട്ടാനാണു നീക്കം.

കൂടാതെ
4,500 ജീവനക്കാരിൽ നിന്ന് വാച്ച് ഡിവിഷനിലെ 2900 തൊഴിലാളികൾക്കു സ്വയം വിരമിക്കലിന് കമ്പനി നിര്‍ബന്ധം പിടിച്ചുതുടങ്ങി. ശേഷിക്കുന്ന 1,600 പേരെ ബെംഗളൂരു, കർണാടകയിലെതന്നെ തുമകൂരു എന്നിവിടങ്ങളിലെ വാച്ച് യൂണിറ്റുകളിലായി നിലനിർത്താനാണു ശ്രമം. അതേസമയം, നീക്കത്തിനെതിരെ തൊഴിലാളി യൂണിയൻ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

അടച്ചുപൂട്ടുന്ന യൂണിറ്റുകളിലെ 1091 ജീവനക്കാർക്ക് 17 മാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സ്വയം വിരമിക്കുന്നവർക്ക് 25–55 ലക്ഷം രൂപ നൽകുമെന്നാണു കമ്പനി വാഗ്ദാനം. ജീവനക്കാരിൽ മിക്കവർക്കും ഇപ്പോൾ വിരമിക്കാൻ താൽപര്യമില്ല. ഇവരിൽ നാനൂറിലേറെപ്പേർക്ക് അഞ്ചുവർഷത്തിൽ താഴെ സേവന കാലയളവേ ശേഷിക്കുന്നുള്ളൂ.

യൂണിറ്റുകള്‍ അടച്ചുപൂട്ടി വരുമാനം കൂടുതല്‍ ലഭിക്കുന്ന മെഷീൻ ടൂൾസ്, ബയോ മെഡിക്കൽസ്, ട്രാക്ടറുകൾ, വാച്ചുകൾ എന്നിവയുടെ ചെറിയ തോതിലുള്ള ഉൽപാദനമാണു ഇപ്പോള്‍ എച്ച്‌എം‌ടി ലക്ഷ്യമിടുന്നത്.കേന്ദ്രസര്‍ക്കാരും ഇതേ നിര്‍ദ്ദേശം മുമ്പ് മുന്നോട്ട് വച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :