സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 ജനുവരി 2023 (17:54 IST)
മകരജ്യോതി തെളിഞ്ഞ ശേഷമാണ് രാത്രിയില്‍ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുക. ഗുരുതിയും ഒരു പ്രധാന ചടങ്ങാണ്. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് ഒരു കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഉണ്ടാക്കിയ 'നിണം' മലദേവതകള്‍ക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.
ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലര്‍ച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീര്‍ഥാടകര്‍ക്കു ദര്‍ശനനുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ തമ്പുരാന്‍ ദര്‍ശനം നടത്തുകയും ചെയ്യും.
ഈ സമയം രാജപ്രതിനിധിയല്ലാതെ മറ്റാരും സോപാനത്തില്‍ ഉണ്ടായിരിക്കില്ല. പന്തളം തമ്പുരാന്റെ ദര്‍ശനം കഴിഞ്ഞ ശേഷം മേല്‍ശാന്തി നട അടക്കുകയും ശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധിയെ ഏല്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങുകയും അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ക്കായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്കു താക്കോല്‍ കൈമാറുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിനു സമാപനമാകും.