Last Updated:
വ്യാഴം, 1 ഫെബ്രുവരി 2024 (15:02 IST)
Lok Sabha Election 2024: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് മത്സരിക്കും. പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലേക്കാണ് സിപിഎം ഐസക്കിനെ പരിഗണിക്കുന്നത്. ഇതില്‍ പത്തനംതിട്ടയില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. പത്തനംതിട്ട മണ്ഡലത്തില്‍ തോമസ് ഐസക്കിനെ ശക്തമായ ജനപിന്തുണയുണ്ട്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും നിര്‍ണായകമാണ്. ഇതെല്ലാം പരിഗണിച്ചാണ് തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഐസക് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കാനാണ് ഐസക്കിനും താല്‍പര്യം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനമാണെന്നും പാര്‍ട്ടി ചര്‍ച്ചയില്‍ തന്റെ അഭിപ്രായം അറിയിക്കുമെന്നും നേരത്തെ തോമസ് ഐസക് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദവും രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വവും കാരണം 19 സീറ്റുകളിലാണ് എല്‍ഡിഎഫ് തോറ്റത്. ആലപ്പുഴയില്‍ എ.എം.ആരിഫ് കഷ്ടിച്ചു കടന്നുകൂടിയത് ഒഴിച്ചാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാ അര്‍ത്ഥത്തിലും എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റ് നേടണമെങ്കില്‍ തോമസ് ഐസക്, കെ.കെ.ശൈലജ, എം.സ്വരാജ് തുടങ്ങിയ പ്രമുഖ നേതാക്കളെ മത്സരരംഗത്ത് ഇറക്കണമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ്ജാണ് പത്തനംതിട്ടയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യുഡിഎഫിന്റെ ആന്റോ ആന്റണിയോട് 44,243 വോട്ടുകള്‍ക്കാണ് വീണ തോറ്റത്. ഇത്തവണ തോമസ് ഐസക്കിലൂടെ പത്തനംതിട്ട പിടിക്കാമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.