'ചൗക്കിദാർ ചോർ ഹെ'; മോദിക്കെതിരായ രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി കോടതിയലക്ഷ്യ കേസ് നൽകി

അമേത്തിയിൽ രാഹുൽ ഒരു റാലിയിൽ പങ്കെടുക്കവെയാണ് ഈ പ്രസ്താവന നടത്തിയത്.

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (14:50 IST)
റാഫേൽ കരാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കാവൽക്കാരൻ കള്ളനാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ച് ബിജെപി എംപി മീനാക്ഷി ലേഖി ഹർജി നൽകി. ‘ചൗക്കിദാർ ചോർ ഹെ’ എന്ന തന്റെ പ്രയോഗത്തെ സുപ്രീംകോടതി ഉത്തരവുമായി കൂട്ടിക്കെട്ടി, അത് കോടതിയുടേതാണെന്ന തരത്തിൽ വ്യാഖ്യാനിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചെന്നാണ് ലേഖിയുടെ ഹരജിയുടെ സാരം.

ദി ഹിന്ദു ദിനപ്പത്രം ചോർത്തിയ റാഫേൽ കരാറുമായി ബന്ധപ്പെട്ട പ്രതിരോധമന്ത്രാലയ രേഖകൾ കേസിൽ തെളിവായി പരിഗണിച്ച് പരിശോധിക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. രേഖകൾ പരിശോധിക്കാമെന്നായിരുന്നു തീരുമാനം. ഈ തീരുമാനം റാഫേൽ കേസിൽ ‘കാവൽക്കാരൻ കള്ളനാ’ണെന്ന് തെളിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

അമേത്തിയിൽ രാഹുൽ ഒരു റാലിയിൽ പങ്കെടുക്കവെയാണ് ഈ പ്രസ്താവന നടത്തിയത്. വ്യോമസേനയുടെ പണം അനിൽ അംബാനിക്ക് മോദി എടുത്തു കൊടുത്തെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി മോഷണം നടത്തിയെന്ന് സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുകയാണെന്ന് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിലും രാഹുൽ ആവർത്തിച്ചു.

“ചൗക്കിദാർ‌ജി മോഷണം ചെയ്തെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരിക്കുകയാണ്. റാഫേൽ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്വേഷണം നടത്തിയാൽ അതിൽ രണ്ട് പേരുകൾ, മോദിയുടെയും അംബാനിയുടെയും, മാത്രമേ കാണൂ എന്ന് ഞാൻ മാസങ്ങളായി പറയുന്നതാണ്.” -രാഹുലിന്റെ വാക്കുകൾ. നോമിനേഷൻ പേപ്പറുകൾ സമർപ്പിച്ച ശേഷമായിരുന്നു രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

കേസിൽ മുൻവിധി സൃഷ്ടിക്കാനാണ് രാഹുൽ ഈ പ്രസ്താവന നടത്തിയതെന്ന് ലേഖി പറഞ്ഞു. തിങ്കളാഴ്ച ഈ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.

റാഫേൽ കേസിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന 2018 ഡിസംബർ മാസത്തിലെ ഉത്തരവ് പുനപ്പരിശേധിക്കണമെന്ന ഹരജിയിലായിരുന്നു പത്രറിപ്പോർട്ട് പരിശോധനയ്ക്കെടുക്കുമെന്ന വിധി. നേരത്തെ രാജ്യരക്ഷ സംബന്ധിച്ച ഇടപാടെന്ന പരിഗണന കൂടി റാഫേൽ കേസിൽ സർക്കാരിന് അനുകൂലമായി വന്നിരുന്നു. ഇതിലുണ്ടായ അട്ടിമറി സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവിനെ ‘വളച്ചൊടിച്ച’ രാഹുൽ ഗാന്ധി കോടതിയലക്ഷ്യം ചെയ്തിരിക്കുകയാണെന്ന ആരോപണമുയർത്തി പ്രതിരോധമന്ത്രി നിർമല സീതാരാമൻ നേരത്തെ രംഗത്തു വന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :