എന്‍റെ ഭാഷയെ തിരിച്ചു തരിക

WEBDUNIA|

(എഴുത്തച്ഛന്‍ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ കൈപ്പടയില്‍ എഴുതി എം.ജി.ശശിഭൂഷണ്‍ വായിച്ച മറുപടി. പാര്‍ക്കിന്‍സണ്‍ രോഗം തളര്‍ത്തിയ ശേഷം വിജയന്‍ പങ്കെടുത്ത പ്രധാന പൊതു ചടങ്ങിലൊന്നായിരുന്നു അത്. 2001 ഡിസംബര്‍ ഏഴിന് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്‍റണിയില്‍ നിന്നും പുരസ്കാരം വാങ്ങാനായി വിജയനെത്തിയത് ഭാര്യ ഡോ.തെരേസയോടൊപ്പമാണ്.)

ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു പരുക്കന്‍ ഫലിതമാണെന്ന തെറ്റിദ്ധാരണ അവശേഷിച്ചെന്നു വരാം. എങ്കിലും ഞാന്‍ അതുപറയട്ടെ. ഈ പുരസ്കാരത്തിന്‍റെ പേരു പേറുന്ന മഹാസാന്നിദ്ധ്യത്തിന്‍റെ മറ പിടിച്ചിട്ട്.

നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറുചുറ്റികകളും അലസമായി പണി ചെയ്യുന്നു. വലിയ സന്ദേഹങ്ങളില്ലാതെ. സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്‍റെ മാറ്റ് മനസിലാകാതെ പോകുന്നത് തച്ചന്മാര്‍ തന്നെ.

ശബ്ദപാളികള്‍ ആഹ്ളാദത്തിന്‍റെ ശക്തിയില്‍, അടര്‍ന്ന് ഘനതലങ്ങളില്‍ പതിക്കുമ്പോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദപാളികള്‍ ഇന്ന് ദുര്‍ബലങ്ങളാണ്. അവയുടെ ഭൗതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്. തുള വീണ ഭാഷ! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.

തുളവീണ ഭാഷയില്‍ ചിന്തിച്ച് അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്ദിച്ച്, വികലമായ ഇങ്കരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ് ഗള്‍ഫന്‍ മണലില്‍ മുഖം നഷ്ടപ്പെടുമ്പോള്‍ അപമാനത്തിന്‍റെ തൃപ്തി ചക്രം പൂര്‍ത്തിയാകുന്നു.

എന്‍റെ കുട്ടിക്കാലത്ത് ഒരു ഭാഷയുണ്ടായിരുന്നു. അത് ആകാശങ്ങളിലെ ദ്രാവിഡമായിരുന്നു. സുഖാലസ്യങ്ങളില്‍ പുലരാന്‍ കാത്തു കിടന്ന കുട്ടികളെ ഈ ദ്രാവിഡം തൊട്ടുവിളിച്ചു. കൂടെ ഏതോ ആദിസംസ്കാരത്തിന്‍റെ സരളതാളങ്ങളും. കുട്ടി പുലരിപൊട്ടുന്നത് അറിയുന്നുവോ?

അറിയുന്നു. തന്നിലേക്കു തന്നെ ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണിത്. ആവതും നുണയൂ. ഉഷ:സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു.

തന്നോടു സംസാരിച്ച ഗംഭീരസ്വരം എന്താണ്? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം, കരിമ്പനിപ്പട്ടകളില്‍ കാറ്റുപിടിക്കുന്നതിന്‍റെ ശബ്ദമാണത്. ചുരം കടന്ന് പാലക്കാട്ടേക്ക് വീശുന്ന കിഴക്കന്‍ കാറ്റ്.

ഇന്ന് കിഴക്കന്‍ കാറ്റില്ല. കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ സ്ഥായം വകം കൊട്ടിടയങ്ങുന്നു. എന്‍റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്കു നീങ്ങുന്നു. എനിക്ക് എന്‍റെ ഭാഷയെ തിരിച്ചു തരിക.

[ിഎഴുത്തച്ഛന്‍ പുരസ്കാരദാന ചടങ്ങില്‍ വായിക്കുന്നതിനായി മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി.വിജ-യന്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ പ്രസംഗം.[ി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :