കൊച്ചി|
Last Modified ശനി, 30 ജനുവരി 2016 (15:49 IST)
മന്ത്രിസ്ഥാനത്തുനിന്നുള്ള രാജി തീരുമാനം താന്‍ പിന്‍വലിക്കുന്നതായി കെ ബാബു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളും യു ഡി എഫും താന്‍ രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും അത് മാനിച്ച് രാജിയില്‍ നിന്ന് പിന്‍മാറുന്നു എന്നും ബാബു പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം വ്യക്തിപരമായിരുന്നു എന്നുപറഞ്ഞ ബാബു പക്ഷേ വ്യക്തിപരമായി ഇപ്പോഴും തീരുമാനം എടുക്കുകയാണെങ്കില്‍ രാജി പിന്‍വലിക്കില്ലായിരുന്നു എന്നും വ്യക്തമാക്കി.
ഞാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും പാര്‍ട്ടി തീരുമാനത്തിനും യു ഡി എഫ് തീരുമാനത്തിനും വിധേയനാകുകയാണ്. അതുകൊണ്ട് രാജി പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുകയാണ്. എന്നെ ഞാനാക്കിയത് എന്‍റെ പ്രസ്ഥാനവും യു ഡി എഫുമാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് എന്‍റെ മന്ത്രിസ്ഥാനം. അതുകൊണ്ട്, എന്‍റെ രാജിതീരുമാനത്തില്‍ നിന്ന് പിന്തിരിയുകയാണ് - ബാബു വ്യക്തമാക്കി.
എഫ് ഐ ആര്‍ ഇട്ട് കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍ കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതിനുമുമ്പുതന്നെ ഞാന്‍ രാജിവയ്ക്കുകയായിരുന്നു. അതെന്‍റെ സ്വന്തം തീരുമാനമായിരുന്നു. വാര്‍ത്തയറിഞ്ഞ ആ നിമിഷം തന്നെ ആ തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു. പിന്നീടാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. കേരളാ ഹൈക്കോടതി ആ കോടതി ഉത്തരവ് സ്റ്റേ ചെയ്തു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യം ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായി. തൃശൂര്‍ കോടതിവിധിയുടെ ഉത്തരവ് അനുചിതമാണെന്നും തിടുക്കത്തിലാണെന്നും ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു - ബാബു പറഞ്ഞു.
ഈ വിധി പ്രഖ്യാപനം വന്നതിനുശേഷവും മന്ത്രിയാകാന്‍ ഞാന്‍ തീരുമാനിച്ചിരുന്നില്ല. ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുമ്പോള്‍ പലരും പറഞ്ഞു ഇത് വിജയസാധ്യതയുള്ള കേസാണെന്നാണ്. ഞാന്‍ പക്ഷേ അതിനുവേണ്ടീ കാത്തിരുന്നയാളല്ല. എന്‍റെ ഉദ്യോഗസ്ഥരോടെല്ലാം ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞതാണ്. എല്ലാ അര്‍ത്ഥത്തിലും രാജിവച്ച് പിരിയാന്‍ ആഗ്രഹിക്കുകയും അതിനനുസരിച്ച നിലപാടുകളുമായി മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ യു ഡി എഫ് നേതൃത്വം എന്‍റെ രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും രാജി തള്ളിക്കളയുകയാണെന്ന് പറയുകയും ചെയ്തു. മുഖ്യമന്ത്രിയും പലതവണ സംസാരിച്ചു. യു ഡി എഫും കോണ്‍ഗ്രസ് നേതാക്കളും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. കോണ്‍ഗ്രസിന്‍റെ തീരുമാനങ്ങള്‍ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. യു ഡി എഫിന്‍റെ ഭാഗമാണ് ഞാന്‍. സ്വതന്ത്രനായി മത്സരിച്ചല്ല ജയിച്ചത്. അതുകൊണ്ടുതന്നെ എന്നെ സ്വന്തം തീരുമാനങ്ങള്‍ക്ക് പ്രസക്തിയില്ല. എന്‍റെ സ്വന്തം തീരുമാനങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും അസ്വസ്ഥതയുണ്ടാക്കാനും അനുവദിക്കില്ല - ബാബു പറഞ്ഞു.
താന്‍ രാജി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് മുഖ്യമന്ത്രിക്ക് ദോഷമാകുമെന്ന നിരീക്ഷണം തെറ്റാണ്. മുഖ്യമന്ത്രിക്കില്ലാത്ത ഒരു ഇമേജ് എനിക്കാവശ്യമില്ല. എന്‍റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചയാളാണ് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിക്കെതിരെയും മുന്നണിക്കെതിരെയും ഒരു സാഹചര്യത്തിലും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മന്ത്രിയാകാതിരുന്ന കാലത്തും അതിന്‍റെ പേരില്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചിട്ടില്ല. ഞാന്‍ അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസുകാരനാണ്. മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ല - ബാബു പറഞ്ഞു.