കൊച്ചി|
ആനന്ദി ശേഖര്‍|
Last Modified വ്യാഴം, 28 ജനുവരി 2016 (16:31 IST)
സോളാര്‍ അരോപണങ്ങളിലും കോടതിവിധിയിലും പെട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ മലപ്പുറത്തെ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളത്തേക്ക് തിരിച്ചു. മലപ്പുറത്തെ നാല് പരിപാടികള്‍ റദ്ദാക്കിയാണ് ഉമ്മന്‍ചാണ്ടി എറണാകുളത്തേക്ക് വരുന്നത്. തിരക്കിട്ട രാഷ്ട്രീയചര്‍ച്ചകള്‍ കൊച്ചിയില്‍ നടക്കുമെന്നാണ് സൂചന.
ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിലെല്ലാം വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടായിരുന്നു. യുവജനസംഘടനകളെല്ലാം വലിയ പ്രതിഷേധമാണ് എല്ലായിടത്തും ഉണ്ടായത്. പങ്കെടുക്കേണ്ടിയിരുന്ന മറ്റ് നാലിടങ്ങളിലും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പരിപാടികള്‍ പെട്ടെന്ന് റദ്ദുചെയ്യുന്നതിന് അതും ഒരു പ്രധാന കാരണമാണ്.
വലിയ കൂടിയാലോചനകള്‍ക്ക് കൊച്ചി വേദിയാകുമെന്നാണ് അറിയുന്നത്. കോട്ടയത്തുള്ള കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ കൊച്ചിയിലെത്താന്‍ സാധ്യതയുണ്ട്. ഘടകകക്ഷി നേതാക്കളോടും കൊച്ചിയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുമ്പോഴും ഹൈക്കമാന്‍ഡിന്‍റെ തീരുമാനങ്ങളും നിര്‍ണായകമാണ്. സോണിയാഗാന്ധി നേരിട്ട് വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതെല്ലാം കണക്കിലെടുത്താല്‍ മണിക്കൂറുകള്‍ക്കകം തന്നെ വലിയ ചില തീരുമാനങ്ങളുണ്ടാകാനും സാധ്യത കാണുന്നുണ്ട്.
കൊച്ചിയില്‍ നിന്ന് രാത്രി ഒമ്പതുമണിയോടെ വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നും വിവരം കിട്ടിയിട്ടുണ്ട്. അതേസമയം, ആലപ്പുഴയിലെ പരിപാടികളെല്ലാം റദ്ദാക്കി നേരത്തേതന്നെ ആഭ്യന്തരമന്ത്രി രമേശ്
ചെന്നിത്തല തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
ഐ ഗ്രൂപ്പ് നേതാക്കളുമായി ചെന്നിത്തല തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയെ വീഴ്ത്താന്‍ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. നേതൃമാറ്റം വേണം, അല്ലെങ്കില്‍ നിയമസഭ പിരിച്ചുവിടണം എന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്താനൊരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹൈക്കമാന്‍ഡിനെ തന്നെ സമീപിക്കാനാണ് ഐ ഗ്രൂപ്പ് ആലോചിക്കുന്നത്.