Last Modified വ്യാഴം, 28 ജനുവരി 2016 (19:08 IST)
‘പാവാട’ പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ വന്‍ഹിറ്റുകളുടെ പിന്നാലെ പാവാടയും മെഗാഹിറ്റായി മാറി. എന്നാല്‍, ഈ മൂന്ന് സിനിമകളേക്കാള്‍ മികച്ച ബോക്സോഫീസ് പ്രകടനം ഇപ്പോള്‍
പാവാട നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോടികളുടെ ലാഭം നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവിന് പാവാട നേടിക്കൊടുക്കും.
പൃഥ്വിരാജ് തന്നെയാണ് പാവാടയുടെ വിജയത്തിലെ പ്രധാന ഘടകം. ഇത്രയും ഫ്ലെക്സിബിളായി പൃഥ്വി അഭിനയിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല.
“ഞാന്‍ വെള്ളാനകളുടെ നാട് ചെയ്ത സമയത്താണ് പാമ്പ് ജോയി എന്ന കഥാപാത്രത്തെ ആലോചിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ആ വേഷത്തിലേക്ക് ആലോചിക്കുക മോഹന്‍ലാലിനെയായിരിക്കും. പക്ഷേ, ഇക്കാലത്ത് പാമ്പ് ജോയിയുടെ വേഷം ചെയ്യാന്‍ പൃഥ്വിരാജ് തന്നെയാണ് അനുയോജ്യന്‍. മറ്റുപലരും പല രീതിയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമായിരിക്കും. പക്ഷേ ആ കഥാപാത്രത്തിന്‍റെ എല്ലാ മാനറിസങ്ങളും ഇത്രയേറെ തന്‍മയത്വത്തോടെ ചെയ്യാന്‍ പൃഥ്വിരാജിനേ സാധിക്കൂ” - മണിയന്‍പിള്ള രാജു വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
“പാവാടയുടെ കഥ പറയാന്‍ ഞാന്‍ പൃഥ്വിയെ വിളിച്ചു. പേരുതന്നെ കൊള്ളാമല്ലോ എന്നായിരുന്നു പൃഥ്വിയുടെ ആദ്യപ്രതികരണം. അങ്ങനെയാണ് പൃഥ്വിയോട് കഥ പറഞ്ഞതും ആദ്യവായനയില്‍ തന്നെ ഇഷ്ടമായതും. മികച്ച കളക്ഷനാണ് പാവാട സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്‍റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങളും ഇത്രയും ദിവസം കൊണ്ട് സ്വന്തമാക്കിയതില്‍ കൂടുതല്‍ കളക്ഷന്‍ പാവാട ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്” - മണിയന്‍പിള്ള രാജു വ്യക്തമാക്കി.