‘മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച നിലയില്‍‘

കുമളി| WEBDUNIA|
PRO
കട്ടപ്പനയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടിയ മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച നിലയിലെന്ന് ആശുപത്രി അധികൃതര്‍. വെന്‍റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ വലതുകാല്‍ മുട്ടിനുതാഴെ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.

കുമളി പൊലീസ് അച്ഛനെയും രണ്ടാനമ്മയെയുംകസ്റ്റഡിയിലെടുത്തിരുന്നു. കുമളി ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെഫീക്(5) ആണ് ഗുരുതരമായി പരിക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്.

ഷെഫീക്കിന്റെ അച്ഛന്‍ ഷെരീഫ്(27), അനീഷ(25) എന്നിവര്‍ക്കെതിരെ കുമളി കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഐസ്‌ക്രീംവില്പന നടത്തുന്ന ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് കുട്ടികളില്‍ ഇളയവനാണ് ഷെഫീക്. മൂത്തയാള്‍ ഷെഫിന്‍(7).

ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെരീഫ് ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹംചെയ്തു. ഷെരീഫിനും അനീഷയ്ക്കും ഒരു കുട്ടി പിറന്നതോടെയാണ് ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളോടുള്ള ഉപദ്രവം കൂടിയത്. ഷെഫീക്കിന്റെ സഹോദരന്‍ മൂവാറ്റുപുഴയിലെ യത്തീംഖാനയിലാണ്. ഷെഫീക്കിനെ വീടുവിട്ട് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല.

മൂന്നുമാസം മുമ്പ് ചെങ്കരയില്‍നിന്ന് കുമളി ഒന്നാംമൈലിലെ വാടകവീട്ടിലേക്ക് താമസം മാറിയ ഷെരീഫും കുടുംബവും കുട്ടിയെ മര്‍ദിക്കുന്നത് തുടര്‍ന്നു. ഒരാഴ്ച മുമ്പ് തലയ്ക്ക് പരിക്കേറ്റ കുട്ടിയുമായി ഇവര്‍ അടുത്തുള്ള ആസ്പത്രിയില്‍ ചികിത്സതേടിയിരുന്നു. കുട്ടി കുളിമുറിയില്‍ തെന്നിവീണതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ അരയ്ക്കുതാഴേക്ക് പലയിടത്തും കുത്തിമുറിവേല്പിച്ചതായി കണ്ടു. തലയിലെ പരിക്കില്‍ സംശയം തോന്നിയതിനാല്‍ ജില്ലാ ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്ററെ വിവരം അറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ രേഖാമൂലം അറിയിച്ചതോടെ കുമളി പോലീസ് ആസ്പത്രിയിലെത്തി അന്വേഷണം നടത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയുടെ ഗുരുതരാവസ്ഥ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍ എത്തിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രി സഭായോഗം പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :