അന്വേഷണം പൂര്‍ത്തിയായാലും ഇല്ലെങ്കിലും മണി രണ്ട് മാസം കഴിഞ്ഞ് ഇടുക്കിയിലെത്തും
കൊച്ചി|
WEBDUNIA|
PRO
കൊച്ചി: അന്വേഷണം പൂര്‍ത്തിയായാലും ഇല്ലെങ്കിലും സിപിഎം നേതാവ് എം എം മണിക്ക് രണ്ട് മാസം കഴിഞ്ഞാല്‍ ഇടുക്കി ജില്ലയില്‍ പ്രവേശിക്കാമെന്ന് ഹൈക്കോടതി. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നീക്കിക്കിട്ടാനായി മണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്എസ് സതീശചന്ദ്രന്റെ ഈ ഉത്തരവ്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി വേണമെന്നും അതുവരെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുതെന്നുമുള്ള സര്‍ക്കാരിന്റെ നിലപാട് കൂടി പരിഗണിച്ചാണ് ഈ ഉത്തരവ്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയായാലും ഇല്ലെങ്കിലും മണിക്ക് ഇടുക്കിയില്‍ പ്രവേശിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അഞ്ചേരി ബേബി വധക്കേസിലെ തുടരന്വേഷണം രണ്ട് മാസത്തിനകം തീര്‍ക്കാനാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുള്ളത്. മണി നടത്തിയ വിവാദപ്രസംഗത്തിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മണി ജാമ്യം നേടിയിട്ടുള്ളത്.