എല്ലാ സംസ്ഥാനങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉണ്ടായാല്‍ മാത്രമേ നിരോധനം നടപ്പാക്കൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം തിരുത്തണം. ഓരോ ദിവസം കഴിയുന്തോറും അപകടങ്ങള്‍ കൂടിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ ഉപവാസത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്‍ഡോസള്‍ഫാനെതിരെ കേരളം ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് മുഖ്യമന്ത്രിയുടെ ഉപവാസസമരം. പാളയം രക്തസക്ഷി മണ്ഡപത്തിനടുത്താണ് സമരവേദി. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും.
ഇന്ന് ആരംഭിക്കുന്ന സ്റ്റോക്‍ഹോം കണ്‍വെന്‍ഷനില്‍ ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഇന്ത്യ മുന്‍കൈ എടുക്കണമെന്നാണ് കേരളത്തില്‍ നിന്ന് ഉയരുന്ന ആവശ്യം. 173 രാജ്യങ്ങള്‍ അംഗമായുള്ള കണ്‍വെന്‍ഷനില്‍ ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയെ പ്രോത്സാഹിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇന്നു മുതല്‍ അഞ്ച് ദിവസം നീളുന്ന സമ്മേളനത്തില്‍ ഈ പട്ടിക അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പ്രതിഷേധക്കാര്‍.