സെമി കാണാന്‍ കേരളം കുടിച്ചത് 21 കോടി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സന്തോഷമായാലും കുടി ദുഖമായാലും കുടി എന്നാണല്ലോ മലയാളികളുടെ ഒരു രീതി. മൊഹാലിയില്‍ ഇന്ത്യയും പാകിസ്ഥാനും മാറ്റുരച്ചപ്പോള്‍ ടെന്‍‌ഷന്‍ മാറ്റാന്‍ കേരളം കുടിച്ചുതീര്‍ത്തത് ഇരുപത്തിയൊന്ന് കോടിയുടെ മദ്യം. സംസ്ഥാനത്തെ ബീവറേജ്‌ കോര്‍പറേഷന്റെ വില്‍പനശാലകള്‍ വഴി ബുധനാഴ്ച വിറ്റ മദ്യത്തിന്റെ മാത്രം കണക്കാണിത്‌. സ്വകാര്യ ബാറുകളിലും കള്ളുഷാപ്പുകളിലും ഇന്ത്യാ-പാക് മത്സരം ആസ്വദിക്കാന്‍ മലയാളികള്‍ എത്ര പണം ചെലവിട്ടു എന്ന കണക്ക് പുറത്തുവന്നിട്ടില്ല.

സാധാരണ ദിവസങ്ങള്‍ ബിവറേജ് ഷോപ്പുകള്‍ വഴി കേരളത്തില്‍ വിറ്റഴിക്കുന്നത് ശരാശരി 18 കോടിയുടെ മദ്യമാണ്. അതാണ് സെമിഫൈനല്‍ മത്സരവേളയില്‍ മൂന്ന് കോടി ഉയര്‍ന്ന് 21 കോടിയായത്. ആഘോഷസമയത്ത് കുടിയില്‍ വിട്ടുകൊടുക്കാത്ത ചാലക്കുടി ഇത്തവണ കരുനാഗപ്പള്ളിയോട് അടിയറവ് പറഞ്ഞു. ‘സെമി ഫൈനല്‍’ വെള്ളമടിയില്‍ രണ്ടാം സ്ഥാനം മാത്രമേ ചാലക്കുടിക്ക് നേടാനായുള്ളൂ.

എ ക്ലാസ്, ബി ക്ലാസ് ബാറുകളില്‍ ബിഗ് സ്ക്രീനില്‍ കളികാണാന്‍ കുടിയന്മാരെ അനുവദിച്ചുകൊണ്ട് ഇത്തവണയും ബാറുകള്‍ കസ്റ്റമര്‍മാരെ ആകര്‍ഷിച്ചു. ടെലിവിഷന്‍ സെറ്റുകള്‍ ഇല്ലാത്ത ബാറില്‍ കസ്റ്റമര്‍മാര്‍ കുറവായിരുന്നു. വീട്ടിലിരുന്ന് കളി കാണുന്നവരാകട്ടെ ടെന്‍ഷന്‍ മാറ്റാന്‍ മദ്യവും കരുതിയിരുന്നു. പാകിസ്ഥാനെതിരെ കൂറ്റന്‍ സ്കോറ് പടുത്തുയര്‍ത്താന്‍ ഇന്ത്യക്ക് കഴിയാത്തതിനാല്‍ പലരും ടെന്‍ഷനിലായിരുന്നു. മദ്യം മോന്തിക്കൊണ്ടാണ് ഈ ടെന്‍ഷന്‍ കേരളം മാറ്റിയതെന്ന് വേണം കരുതാന്‍. സെമിയുടെ ടെന്‍ഷന് 21 കോടി പൊലിച്ച കേരളം ഫൈനലിന്റെ സമ്മര്‍ദ്ദത്തില്‍ എത്ര പൊലിക്കുമെന്ന് കണ്ടറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :