അഡ്വ. ജി ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

കൊച്ചി| WEBDUNIA|
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അഡ്വ. ജി ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. കെ പി എ സിയുടെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയായ ജനാര്‍ദ്ദനക്കുറുപ്പ് പ്രമുഖ അഭിഭാഷകനും നാടക-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. കൊച്ചി കലൂരിലെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു ജനാര്‍ദ്ദനക്കുറുപ്പിന്റെ അന്ത്യം.

കെ പി എ സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' യെന്ന നാടകം എന്‍ രാജഗോപാലന്‍ നായരോടൊപ്പം സംവിധാനം ചെയ്തത് ജനാര്‍ദ്ദനക്കുറുപ്പായിരുന്നു.

കൊല്ലം സ്വദേശിയായ അദ്ദേഹം അഭിഭാഷകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു കൊച്ചിയിലെത്തിയത്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്ക്‌ മികച്ച സംഭാവനകള്‍ നല്‍കിയ ജനാര്‍ദ്ദനക്കുറുപ്പ്‌ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ ക്രിമിനല്‍ കേസുകളുടെ വ്യവഹാരി കൂടിയായിരുന്നു‌. അഭിഭാഷകവൃത്തിയില്‍ സുവര്‍ണജൂബിലി പിന്നിട്ട വ്യക്തികളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

അഭിഭാഷകന്‍, സംഘാടകന്‍, രാഷ്‌ട്രീയപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ പ്രതിഭയുടെ തിളക്കംകൊണ്ട്‌ ജ്വലിച്ചുനിന്ന നക്ഷത്രമായിരുന്നു ജനാര്‍ദ്ദനക്കുറുപ്പ്‌. 'എന്റെ ജീവിതം' ആത്മകഥയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :