മലപ്പുറം|
Last Modified വെള്ളി, 9 മെയ് 2014 (10:52 IST)
അടച്ചുപൂട്ടിയ ബാറുകളിലൊന്നുപോലും തുറക്കാന്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ലീഗ് ഉന്നതാധികാര സമിതി തീരുമാനങ്ങള്‍ യോഗം അംഗീകരിച്ചു. ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നാണ് പാര്‍ട്ടി നിലപാട്. ശാരീരികമായും സാമ്പത്തികമായും സാംസ്കാരികമായും ജനതയെ നശിപ്പിക്കുന്ന ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവരുത്. വളര്‍ന്നുവരുന്ന തലമുറയുടെ ജീവല്‍പ്രശ്നമായി ഇക്കാര്യം പരിഗണിക്കണം.
കേരളത്തില്‍ മാത്രമല്ല രാജ്യത്താകമാനം മദ്യം നിരോധിക്കണം. അടുത്ത യുഡിഎഫ് യോഗത്തില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കാനും യോഗം ആവശ്യപ്പെട്ടതായി അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. അസമില്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തുന്ന നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് എന്ന സംഘടനയെ നിരോധിക്കുകയും അവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വേണം.
സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണം. മത്സ്യലഭ്യത തീരെ കുറഞ്ഞ സാഹചര്യത്തില്‍ തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സൗജന്യ റേഷന്‍ അനുവദിക്കുകയും വേണം. പ്രവാസികള്‍ വിമാനയാത്രക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി വിധി നിരാശാജനകമാണ്. കേരളത്തിലെ ജനങ്ങളുടെ ജീവല്‍പ്രശ്നത്തില്‍ നിഷേധാത്മകമായ വിധിയാണിത്. ജനങ്ങളുടെ ഭീതിയകറ്റാന്‍ നടപടിയുണ്ടാകണം.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ പരിസ്ഥിതി സംരക്ഷണവാരമായി ആചരിക്കാനും തീരുമാനിച്ചു. ബാര്‍ പ്രശ്നത്തില്‍ സര്‍ക്കാറും കെപിസിസിയും രണ്ടു തട്ടിലാണല്ലോ എന്ന ചോദ്യത്തിന് ലീഗ് അതിലിടപെടുന്നില്ലെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ ഭരണ പ്രതിസന്ധിയൊന്നുമുണ്ടാകേണ്ടതില്ല. ലീഗ് ലീഗിന്‍െറ നിലപാടെടുക്കും. ഇടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവരാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്.