ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ കെ എസ് യു കരിഓയിലില്‍ കുളിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
പ്ലസ് വണ്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറെ കരി ഓയിലില്‍ കുളിപ്പിച്ച് കെ എസ് യുവിന്റെ പ്രതിഷേധം . തിരുവനന്തപുരത്ത് ഹയര്‍സെക്കന്ററി ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരിഓയില്‍ ഒഴിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി സി പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ ഓഫീസിലെത്തിയ കെ എസ് യു സംഘം നേരെ ഡയറക്ടറുടെ റൂമിലേക്ക് പ്രവേശിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനാണ് എത്തിയതെന്ന് സംഘം പറഞ്ഞു. കരിഓയില്‍ പ്രയോഗത്തിനുശേഷം മുദ്രാവാക്യം വിളിച്ച് ഓഫീസില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസെത്തി പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

ഏകദേശം അരമണിക്കൂര്‍ നേരം ഡയറക്ടറെ ഓഫീസില്‍ തടഞ്ഞ് വെച്ച ശേഷമായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരുടെ കരി ഓയില്‍ പ്രയോഗം. ഹയര്‍ സെക്കന്ററി ഫീസ് വര്‍ദ്ധനവിനെതിരെ കഴിഞ്ഞ ദിവസവും ജില്ലയില്‍ കെഎസ്‌യുവിന്റെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

ഡയറക്ടര്‍ പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തുന്നതിനിടെയാണ് കയ്യില്‍ കരുതിയിരുന്ന കരി ഓയില്‍ പ്രവര്‍ത്തകര്‍ ഒഴിച്ചത്. ഇത്തരമൊരു സമരരീതി കെ എസ് യുവിന്റെ സംസ്കാരമല്ലെന്നും അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും പി സി വിഷ്ണുനാഥ് എം എല്‍ എ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല കെ എസ് യു പ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയിയും വ്യക്തമാക്കി.

ഡയറക്ടര്‍ക്കു നേരേയുള്ള ആക്രമണം ആസൂത്രിതമാണെന്നും ഇതിനെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :