തിരുവനന്തപുരത്ത് പ്രവാസി മലയാളിയുടെ വീട്ടില്‍ നടത്തിയ ഹൈടെക് മോഷണകേസില്‍ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് കുറ്റം സമ്മതിച്ചു. കേരള പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബണ്ടി കുറ്റംസമ്മതിച്ചത്. തിരുവനന്തപുരത്ത് മോഷണം നടത്തിയത് താനാണെന്നും ബണ്ടിചോര്‍ താനാണെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. തികച്ചും പ്രസന്നതയോടെ പൊലീസുകാരോട് ഇടപെട്ട ബണ്ടി ചിരിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്. അഭിമാനത്തോടെയാണ് ഇയാള്‍ മോഷണത്തെക്കുറിച്ച് സംസാരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തെളിവെടുപ്പിനായി ബണ്ടിയെ കേരളത്തിലേക്ക് കൊണ്ടുവരും. ബണ്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. മഹാരാഷ്ട്ര പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേരളത്തില്‍ എത്തിച്ച് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പേരൂര്‍ക്കട സിഐ പ്രതാപന്‍ നായര്‍ അറിയിച്ചു.
അറസ്റ്റിനു ശേഷം ബണ്ടിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇരട്ട അഴികളുള്ള അതീവ സുരക്ഷയുള്ള തടവുമുറിയിലാണ് ബണ്ടിയെ പാര്‍പ്പിച്ചത്. സായുധ പോലീസിന്റെ കാവലും ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ സമദ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന ബണ്ടിയെ വിലങ്ങിനു പുറമേ ചങ്ങലയിട്ടും ബന്ധിച്ചിരുന്നു. രണ്ട് സായുധ പോലീസിന്റെ അകമ്പടിയോടെ പതിനഞ്ചോളം പോലീസുകാരുടെ വലയത്തിനുള്ളിലാണ് ബണ്ടിയെ സ്‌റ്റേഷനില്‍ എത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പൂനെയിലെ ഒരു ആഡംബര ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് ബണ്ടി പിടിയിലായത്. ബണ്ടിയെ തിരിച്ചറിഞ്ഞ ഒരു ഹോട്ടല്‍ ജീവനക്കാരനാണ് കേരള പോലീസിനെ വിവരം അറിയിച്ചത്.