സ്വന്തം വീട്ടില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളന്‍മാര്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ മോഷ്ടിച്ചതായി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പില്‍ വാഴക്കണ്ടം വെളിയില്‍ ബിജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വീടിനുള്ളില്‍ പരിശോധന നടത്തിയ വിരലടയാള വിദഗ്ധര്‍ വീട്ടിലുള്ള എല്ലാ വിരലടയാളങ്ങളും വീട്ടുടമസ്ഥന്‍റേതുതന്നെയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബിജു കുറ്റം സമ്മതിക്കുകയായിരുന്നു. കടബാധ്യത തീര്‍ക്കാനാണ് ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് ബിജു വെളിപ്പെടുത്തി.
കാണാതായ സ്വര്‍ണം ചേര്‍ത്തല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബിജുവിന്‍റെ കടയില്‍ നിന്നും കണ്ടെടുത്തു.
ജനുവരി 30നായിരുന്നു തന്‍റെ വീട്ടില്‍ രാത്രി കവര്‍ച്ച നടന്നുവെന്നും 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നും കാണിച്ച് ബിജു പൊലീസില്‍ പരാതി നല്‍കിയത്. അടുക്കള വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയില്‍ നിന്ന് താക്കോല്‍ എടുത്ത് അലമാരയിലെ ലോക്കര്‍ കമ്പിപ്പാരയുപയോഗിച്ച് തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചു എന്നായിരുന്നു ബിജു പരാതിയില്‍ പറഞ്ഞിരുന്നത്.