സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍ നായരുടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ട| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളില്‍ ശ്രീധരന്‍നായര്‍ ഉള്‍പ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണോദ്യോഗസ്‌ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി പ്രസന്നന്‍ നായര്‍ പത്തനംതിട്ട കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. സരിതാനായര്‍, ബിജു രാധാകൃഷ്‌ണന്‍, ടെനിജോപ്പന്‍ എന്നിവര്‍ പ്രതിയായ കേസില്‍ 239 പേജുകള്‍ വരുന്ന കുറ്റപത്രം ഇന്ന്‌ വൈകുന്നേരമാണ്‌ സമര്‍പ്പിച്ചത്‌. 100 ലധികം രേഖകളും നല്‍കിയിട്ടുണ്ട്‌.

ബിജുവും സരിതയും ചേര്‍ന്ന്‌ ശ്രീധരന്‍നായരില്‍ നിന്നും 40 ലക്ഷം തട്ടിയെടുത്തു എന്ന കേസില്‍ നേരത്തേ മുഖ്യമന്ത്രിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയെ സാക്ഷിയാക്കിയിട്ടില്ലെന്നാണ്‌ സൂചന. ​‍ശ്രീധരന്‍ നായരുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. മൊഴിയില്‍ മുഖ്യമന്ത്രിക്കെതിരായി ഒന്നുമില്ലെന്ന് സൂചനകളുണ്ട്. മുഖ്യമന്ത്രിയുമായി ടീം സോളാറിനെ കുറിച്ചോ അതി​ന്റെ പദ്ധതിയെ കുറിച്ചോ സാമ്പത്തിക ഇടപാടിനെ കുറിച്ചോ ശ്രീധരന്‍നായര്‍ സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .

അതിനിടയില്‍ സോളാര്‍കേസിലെ വ്യാജ കത്തുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ പാരമ്പര്യേതര ഊര്‍ജ്‌ജ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരുടെയും മൊഴിയെടുത്തു. തിങ്കളാഴ്‌ചയും വെള്ളിയാഴ്‌ചയുമാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മന്ത്രാലയത്തിന്റെ വ്യാജകത്ത്‌ കേസില്‍ പ്രതികള്‍ ഉപയോഗിച്ചു എന്ന ആരോപണത്തിലായിരുന്നു അന്വേഷണം.

ഇത്തരം ഒരു കത്ത്‌ സംസ്‌ഥാന സര്‍ക്കാരിന്‌ നല്‍കിയിട്ടില്ലെന്ന മൊഴിയാണ്‌ മന്ത്രാലയം ഉന്നതോദ്യോഗസ്‌ഥര്‍ നല്‍കിയത്‌. ഇതോടെ ഉദ്യോഗസ്‌ഥരെ സാക്ഷികളാക്കാനാണ്‌ നീക്കം. 33 കേസുകളിലെ 12 എണ്ണത്തിലെ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കാനാണ്‌ പോലീസ്‌ ഉദ്ദേശിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :