സോളാര്‍ കമ്പനിയില്‍ ചാണ്ടി ഉമ്മന്‍ സിഇഒ: കെ സുരേന്ദ്രന്‍ ആഞ്ഞടിക്കുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ സ്റ്റാര്‍ ഫ്ലേക് എന്ന സോളാര്‍ കമ്പനിയുടെ സി ഇ ഒ ആണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. സ്റ്റാര്‍ ഫ്ലേക് എന്ന കമ്പനിയുടെ ഇന്ത്യയിലെ തലവന്‍ ചാണ്ടി ഉമ്മനാണെന്നും ഈ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം കോട്ടയമാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ കോട്ടയത്ത് ഇങ്ങനെയൊരു കമ്പനി പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല - സുരേന്ദ്രന്‍ പറഞ്ഞു.

ഔദ്യോഗികമായി ഇങ്ങനെയൊരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മനസിലായത്. സ്റ്റാര്‍ ഫ്ലേക്ക് എന്ന സ്ഥാപനത്തിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ശാഖകളുണ്ട്. ഉത്തര്‍പ്രദേശിലെ സ്റ്റാര്‍ ഫ്ലേക്കിന്‍റെ നടത്തിപ്പ് മുഖ്യമന്ത്രിയുടെ ബന്ധുവാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ മറ്റൊരു ആരോപണവും കെ സുരേന്ദ്രന്‍ ഉന്നയിച്ചു. സോളാര്‍ തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന്‍ നായരുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബാംഗം ഇടപെട്ടതായും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ നായര്‍ പരാതി നല്‍കാതിരുന്നതിന് കാരണം ഈ മധ്യസ്ഥ ചര്‍ച്ചയാണ്. എന്നാല്‍ ഈ മധ്യസ്ഥ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതിരുന്നപ്പോഴാണ് ശ്രീധരന്‍ നായര്‍ പരാതിയുമായി രംഗത്തെത്തിയത് - സുരേന്ദ്രന്‍ വ്യക്തമാക്കി.

ശ്രീധരന്‍ നായരുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പെന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ബാംഗ്ലൂരിലെ കുരുവിള മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി മുക്കിയതായും കെ സുരേന്ദ്രന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :