തിരുവനന്തപുരം|
Last Modified തിങ്കള്‍, 5 മെയ് 2014 (19:58 IST)
തനിക്ക് മദ്യലോബിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തിയ പ്രസ്താവന തന്‍റെ കുടുംബം തകര്‍ക്കാന്‍ പോന്നതാണെന്ന് ഷാനിമോള്‍ ഉസ്മാന്‍. ഈ ആരോപണം തെളിയിക്കാന്‍ താന്‍ സുധീരനെ വെല്ലുവിളിക്കുന്നതായും ഷാനിമോള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
എനിക്ക് മദ്യലോബിയുമായി ബന്ധമുണ്ടെന്നും കെ പി സി സി പ്രസിഡന്‍റിന് കത്തുനല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഞാന്‍ മദ്യലോബിയുടെ കരുവാണെന്നുമാണ് സുധീരന്‍ ആരോപിച്ചത്. എന്‍റെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും കുടുംബജീവിതത്തെയും ഒരു സ്ത്രീ എന്ന നിലയിലുള്ള എന്‍റെ മാന്യതയെയും പ്രതികൂലമായി ബാധിക്കുന്നതാണ് സുധീരന്‍റെ ആരോപണം. എനിക്ക് മദ്യലോബിയുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിച്ച് അതിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം സുധീരനുണ്ട്. അതിന് ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു - ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
പതിനഞ്ചാം വയസില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാന്‍. ആദര്‍ശങ്ങളും മൂല്യങ്ങളും എന്നും ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഞാന്‍ നല്‍കിയ കത്തിന്‍റെ മെറിറ്റിലേക്ക് സുധീരന്‍ കടക്കാത്തത് നിര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മദ്യലോബിയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് അടുത്തകാലത്തായി സുധീരന്‍റെ ശീലമാണ് - ഷാനിമോള്‍ പറഞ്ഞു.
ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്‍റെ അഭിപ്രായങ്ങള്‍ കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിലാണ് പറഞ്ഞിട്ടുള്ളത്. സുധീരന്‍ നടത്തിയ ആരോപണങ്ങള്‍ ഞാന്‍ എന്ന വ്യക്തിയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നത്. പാര്‍ട്ടിക്ക് പുറത്ത് അഭിപ്രായം പറഞ്ഞ് കയ്യടി നേടാന്‍ മുമ്പ് ശ്രമിച്ചിട്ടുമില്ല, ഇനി ശ്രമിക്കുകയുമില്ല - ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.