തിരുവനന്തപുരം|
ജോണ്‍ കെ ഏലിയാസ്|
Last Updated:
തിങ്കള്‍, 5 മെയ് 2014 (18:46 IST)
ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. സത്യവിരുദ്ധമായ കാര്യങ്ങളാണ് കത്തിലുള്ളതെന്നും പല കാര്യങ്ങളിലും അതിശയോക്തി കലര്‍ന്നിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. ഷാനിമോള്‍ കത്തുനല്‍കാനുണ്ടായ സാഹചര്യത്തേക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. എം എം ഹസനാണ് സമിതി അധ്യക്ഷന്‍.
മദ്യനയവുമായി ബന്ധപ്പെട്ട് പല കേന്ദ്രങ്ങളില്‍ നിന്ന് ഒളിയമ്പുകള്‍ വരുന്നു. ഈ കത്തല്ല, ഇതിലും അപ്പുറമാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇപ്പോഴുണ്ടാകുന്ന സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ കത്തെന്ന് സംശയമുണ്ട്. വ്യക്തിപരമായി എന്നെ മോശക്കാരനാക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന ശക്തികളുടെ കൈയിലെ കരുവായി ഷാനിമോള്‍ മാറിയോ എന്നും സംശയിക്കണം - സുധീരന്‍ പറഞ്ഞു.
ഷാനിമോളെ താക്കീതുചെയ്യാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ആലോചിച്ചതിന് ശേഷമാണ് കൈക്കൊണ്ടത്. കെ സി വേണുഗോപാലിനെതിരെ തെളിവില്ലാത്ത ആരോപണമാണ് ഷാനിമോള്‍ ഉന്നയിച്ചത്. വ്യക്തിപരമായി ഷാനിമോള്‍ക്കെതിരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. മത്സരിക്കാന്‍ സീറ്റുകിട്ടാത്തതിന്‍റെ വിഷമമാണ് ഷാനിമോള്‍ക്ക്. അവര്‍ക്ക് സീറ്റുനല്‍കണമെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഞാന്‍ മാത്രമാണ് ആവശ്യപ്പെട്ടത് - സുധീരന്‍ വ്യക്തമാക്കി.
കാര്യങ്ങളെ വളച്ചൊടിക്കുന്ന സമീപനമാണ് ഷാനിമോളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇതല്ല പൊതുപ്രവര്‍ത്തനമെന്നും വി എം സുധീരന്‍ ഓര്‍മ്മിപ്പിച്ചു.