സുധീരനും സതീശനും ഏറ്റുമുട്ടി, രാജിഭീഷണി, ആരും പാര്‍ട്ടിയേക്കാള്‍ വലുതല്ല!

സുധീരന്‍, സതീശന്‍, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, ബാബു, മാണി
തിരുവനന്തപുരം| Last Updated: ബുധന്‍, 7 ജനുവരി 2015 (18:43 IST)
ചൊവ്വാഴ്ച നടന്ന യു ഡി എഫ് - സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനും വൈസ് പ്രസിഡന്‍റ് വി ഡി സതീശനും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. കോപാകുലനായ സതീശന്‍ ഒരു ഘട്ടത്തില്‍ രാജിഭീഷണി മുഴക്കുകപോലും ചെയ്തതായാണ് വിവരം.

മദ്യനയം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സുധീരനും സതീശനും തമ്മില്‍ പോര്‍മുഖം തുറന്നത്. മദ്യനയത്തില്‍ 'മുഖ്യമന്ത്രി ചതിച്ചു' എന്ന പരാമര്‍ശം സുധീരന്‍ നടത്തിയതോടെയാണ് രൂക്ഷ വിമര്‍ശനവുമായി സതീശന്‍ എഴുന്നേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'സുധീരന് സഹിഷ്ണതയില്ല' എന്ന് സതീശന്‍ തുറന്നടിച്ചതോടെ സുധീരന്‍ എതിര്‍ശബ്ദമുയര്‍ത്തി. 'വൈസ് പ്രസിഡന്‍റിനേക്കാള്‍ വലുതാണ് പ്രസിഡന്‍റ് എന്നോര്‍ക്കണ'മെന്ന് സുധീരന്‍ പറഞ്ഞു. എന്നാല്‍ 'ആരും പാര്‍ട്ടിയേക്കാള്‍ വലുതല്ല' എന്നായിരുന്നു സതീശന്‍റെ മറുപടി.

താന്‍ കൂടി ഹൈക്കമാന്‍‌ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണ് സതീശനെ വൈസ് പ്രസിഡന്‍റാക്കിയതെന്ന് ഇടയ്ക്ക് സുധീരന്‍ പറഞ്ഞത് സതീശനെ ചൊടിപ്പിച്ചു. 'ഔദാര്യം കിട്ടിയ സ്ഥാനമാണെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാറാണ്' എന്ന് സതീശനും പറഞ്ഞു.

പിന്നീട് ആഭ്യന്തരമന്ത്രി രമേശ് ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത് എന്ന് തിരുവനന്തപുരത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :