സിപിഎം വിലപേശാനുള്ള ആയുധമല്ല: എസ് ആര്‍ പി

കൊച്ചി| WEBDUNIA|
PRO
PRO
യു ഡി എഫിലെ തര്‍ക്കങ്ങളില്‍ സി പി എമ്മിനെ വിലപേശാനുള്ള ആയുധമാക്കാന്‍ അനുവദിക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. യു ഡി എഫിലെ പാര്‍ട്ടികള്‍ക്ക് നയപരമായ വിയോജിപ്പുണ്ടെങ്കില്‍ അവര്‍ പുറത്തുവരട്ടെ. അല്ലാതെ യു ഡി എഫിലെ തര്‍ക്കങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ല. വ്യക്തമായ നയസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ചതാണ് ഇടതുമുന്നണി. നയപരമായ നിലപാടുകളാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധം. അതുകൊണ്ട് ബന്ധം ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം കെ എം മാണി വ്യക്തമാക്കിയിരുന്നു.

മാണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ മാണിയെ എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി വി എസ് അച്യുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. യു ഡി എഫില്‍ നിന്ന്‌ ഏത്‌ ഘടകകക്ഷി വന്നാലും സ്വാഗതം ചെയ്യും. ഇക്കാര്യം എല്‍ഡിഎഫ്‌ ആണ്‌ തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ എതിര്‍ക്കില്ലെന്നും വി എസ് വ്യക്തമാക്കി.

എന്നാല്‍ യുഡിഎഫ്‌ വിടുന്നതിനെക്കുറിച്ച്‌ താന്‍ ആലോചിച്ചിട്ടുപോലുമില്ല. മുന്നണിബന്ധങ്ങള്‍ ശാശ്വതമല്ലെന്ന്‌ ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞത്‌ തികച്ചും സൈദ്ധാന്തികമായിട്ടാണ്‌. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ഇതിനോട് മാണി പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :