സിപിഎം പ്രമേയം: വിഎസ് അച്ചടക്കലംഘനം അവസാനിപ്പിക്കുന്നില്ല; പാര്‍ട്ടിവിരുദ്ധനായി തരംതാഴുന്നു

പ്രതിപക്ഷനേതാവും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന് എതിരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി എസ് അച്ചടക്കലംഘനം അവസാനിപ്പിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ വി എസിനെതിരെ പ്രമേയം പാസാക്കിയെന്നും പിണറായി വിജയന്‍ അറിയിച്ചു. ആലപ്പുഴയില്‍ സി പി എം സംസ്ഥാനസമ്മേളന വേദിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസെക്രട്ടറി സ്ഥാനം ഒഴിയുന്നതിനു മുമ്പായിയുള്ള പിണറായിയുടെ വാര്‍ത്താസമ്മേളനമായിരുന്നു ഇത്.
 
വി എസ് കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച രേഖ സംസ്ഥാനകമ്മിറ്റിയില്‍ നേരത്തെ സമര്‍പ്പിച്ചതാണ്. ഇത് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതും തള്ളിക്കളഞ്ഞതുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദനും പങ്കെടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് വി എസിനെതിരെ പാര്‍ട്ടി പ്രമേയം പാസാക്കിയത്.
 
പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന്റെ ചുരുക്കരൂപം: 
 
വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് നല്കിയ രേഖയുടെ പുര്‍ണരൂപം എന്ന് അവകാശപ്പെട്ട് മലയാളമനോരമ ഒരു രേഖ പ്രസിദ്ധീകരിച്ചു. രേഖയിലെ ഉള്ളടക്കത്തോടു കൂടിയ കത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് വി എസ് നല്കിയിരുന്നു. സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്ത് രേഖ ഏകകണ്ഠമായി തള്ളിയതാണ്. കത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തതിനാല്‍ കേന്ദ്രകമ്മിറ്റിക്ക് ഇപ്പോള്‍ അയച്ചത് അനവസരത്തിലുള്ള ഒന്നാണെന്ന് അഭിപ്രായപ്പെട്ടാണ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് തള്ളിയത്. ഫെബ്രുവരി ഒമ്പത്, 10 തിയതികളില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തു. ഫെബ്രുവരി 18നാണ് പത്രം
രേഖ പ്രസിദ്ധീകരിച്ചത്. രേഖ അച്ചടിക്കുന്നതിനും രണ്ടു ദിവസത്തിന്‍ മുമ്പ് രേഖ ലഭിച്ചിരുന്നു എന്ന് പത്രം വ്യക്തമാക്കുന്നുണ്ട്. ഇത് കാണിക്കുന്നത് വി എസ് അചുതാനന്ദന്‍ തുടര്‍ന്നു വരുന്ന അച്ചടക്കലംഘനം കുറയ്ക്കുന്നില്ല എന്നാണ്. അച്ചടക്കലംഘനം പൊറുപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കിയത്. 
 
ടി പി വധത്തെ തുടര്‍ന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും വലതുപക്ഷ മാധ്യമങ്ങളും സി പി എമ്മിനു മേല്‍ കൊലക്കുറ്റം ആരോപിച്ച് പാര്‍ട്ടിക്കെതിരെ പ്രചാരണപ്രളയം തന്നെ സൃഷ്‌ടിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. തുടര്‍ന്ന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ ഭാഗം ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യം പരിശോധിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തു. പിബിയ്ക്കുള കത്തുകളില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് വി എസ് കുറ്റപ്പെടുത്തുന്നു. ഡി ഐ സിയുമായുള്ള സഖ്യവും പി ഡി പിയുമായുള്ള സഖ്യവും പിബിയുടെ ഇടപെടലുകളെ തുടര്‍ന്ന് തീരുമാനം ഉണ്ടായതാണ്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും എല്ലാ നിര്‍ദ്ദേശങ്ങളും സംസ്ഥാനകമ്മിറ്റി പാലിച്ചു പോന്നിട്ടുണ്ട്.
 
ലാവ്‌ലിന്‍ കേസില്‍ സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയനെതിരെ സഖാവ് വി എസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഇക്കാര്യം ആഴത്തില്‍ പരിശോധിക്കുകയും പിണറായിക്ക് എതിരെയുള്ള ആരോപണതില്‍ കഴമ്പില്ല എന്ന് കണ്ടെത്തിയിട്ടുമുണ്ട്. ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശത്തോടു കൂടിയുള്ളതും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതുമാണ്. സഖാവ് പിണറായിയെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ പറഞ്ഞു. ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.
 
ടി പി വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് വി എസ് തരം താണിരിക്കുന്നു. ടി പിയും സംഘവും പുറത്തുപോയപ്പോള്‍ നേതാവായി കാണിച്ചത് വി എസിനെ ആയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വി എസ് ഒഞ്ചിയത്ത് സംസാരിക്കണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.  വൈകിയാണെങ്കിലും ഒഞ്ചിയത്ത് പാര്‍ട്ടി യോഗത്തില്‍ വി എസ് പങ്കെടുത്തു. എന്നാല്‍ വിഘടിതവിഭാഗത്തെ വിമര്‍ശിച്ചില്ല.
 
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സങ്കല്പകഥയുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. 
മാധ്യമപ്രവര്‍ത്തകരോട് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്ന് തോമസ് ഐസക്ക് പറഞ്ഞത്, മുഖ്യമന്ത്രിയെ ഒഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്വീകരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു. വി എസ് അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് വി എസിനെതിരെ പ്രമേയം പാസാക്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനസെക്രട്ടറി എന്ന നിലയില്‍ താനുമായി സഹകരിച്ച മാധ്യമങ്ങള്‍ക്ക് നന്ദി അറിയിക്കാനും നല്ല ഒരു ചിരി സമ്മാനിക്കാനും വാര്‍ത്താസമ്മേളനത്തിനു ശേഷം പിണറായി വിജയന്‍ മറന്നില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :