അച്ചടക്കം കൊണ്ട് പാര്‍ട്ടി സെക്രട്ടറി ഉദ്ദേശിക്കുന്നത് ‘ആമേന്‍’ പറയുക എന്നതെന്ന് വിഎസ്

ആ‍ലപ്പുഴ| Joys Joy| Last Updated: ബുധന്‍, 18 ഫെബ്രുവരി 2015 (17:38 IST)
ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പരിഗണിക്കുന്നതിനായി സമര്‍പ്പിച്ച സംഘടന റിപ്പോര്‍ട്ടിനു ബദലായി വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കടന്നാക്രമിക്കുന്നു.
അഴിമതിക്കെതിരെ പാര്‍ട്ടി നടത്തിയ സമരങ്ങള്‍ പരാജയപ്പെട്ടതിനെയും വി എസ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. വി എസ് സമര്‍പ്പിച്ച രേഖയില്‍ നിന്നുള്ള ഭാഗങ്ങള്‍;

“അഴിമതിയില്‍ മുങ്ങിയ യു ഡി എഫ് സര്‍ക്കാരിനെതിരെ നമ്മള്‍ ഈയിടെ പ്രഖ്യാപിച്ചതും നടത്തിയതുമായ സമരങ്ങള്‍ നമ്മുടെ സംഘടനാപരമായ പിഴവിന് മികച്ച ഉദാഹരണങ്ങളാണ്. സോളാര്‍ വിവാദത്തിനെതിരായ സമരമെടുക്കാം: നമ്മള്‍ സമരം തുടങ്ങുന്നതിനു വളരെ മുമ്പു തന്നെ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാം, മുഖ്യമന്ത്രി രാജി വയ്ക്കില്ല. ഈ നിര്‍ദ്ദേശം തള്ളിയ നമ്മള്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. അപ്പോള്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് നമ്മുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതു കൊണ്ടാണ് സമരം പിന്‍വലിച്ചതെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. സമരം പിന്‍വലിച്ചതിന്റെ കാരണമിതാണെന്ന് ജില്ല സമ്മേളനങ്ങളില്‍ സഖാക്കളുടെ ചോദ്യത്തിനു മറുപടി നല്കുന്നത് വസ്തുതാപരമായ തെറ്റാണ്. സഖാക്കളെ തെറ്റിദ്ധരിപ്പിക്കലുമാണ്.

സമരം ഉത്ഘാടനം ചെയ്യാന്‍ നാല് ഇടതു പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി രാജി വെച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് അവര്‍ പ്രഖ്യാപിച്ചു. അവര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തും മുമ്പേ സമരം പിന്‍വലിച്ചു.

ലക്‌ഷ്യങ്ങളൊന്നും നേടാതെ, സമരമവസാനിപ്പിച്ചു എന്ന വസ്തുതയെക്കുറിച്ച് മാത്രമല്ല വിമര്‍ശനമുള്ളത്. സമരം നടത്തിയ രീതിയും പരിശോധിക്കേണ്ടതുണ്ട്. സെക്രട്ടേറിയേറ്റ് ഉപരോധിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍, ഒരു ഗേറ്റ് - കന്റോണ്‍മെന്റ് ഗേറ്റ് - തുറന്നിടണമെന്ന് ആരോ തീരുമാനിച്ചു. ആരാണ് ആ തീരുമാനമെടുത്തത് ? പാര്‍ട്ടി സെക്രട്ടേറിയേറ്റിന്റെ എല്ലാ അംഗങ്ങളും നഗരത്തിലുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി സെക്രട്ടേറിയേറ്റ് പോലും ചേരാതെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്തിനായിരുന്നു ഈ തിടുക്കം? സമരം പിന്‍വലിച്ചതായി തന്നെ അറിയിച്ച പത്രപ്രവര്‍ത്തകരോട് സഖാവ് തോമസ് ഐസക്ക് ആക്ഷേപഹാസ്യത്തില്‍ പ്രതികരിച്ചത് ‘പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ എന്നായിരുന്നു. ഇത് തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടു.

പാര്‍ട്ടിക്കാരും അഭ്യുദയകാംക്ഷികളും കണ്ടു. കൂടിയാലോചനയില്ലാതെയുള്ള ഇത്തരം തീരുമാനങ്ങള്‍ക്ക് ‘ആമേന്‍’ പറയുക എന്നതാണ് പാര്‍ട്ടി സെക്രട്ടറി ഉദ്ദേശിക്കുന്ന അച്ചടക്കം. സമരങ്ങള്‍ വിജയിക്കാത്തതിനെക്കുറിച്ച് ജില്ലാ സമ്മേളനങ്ങളിലുണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് സ്വയം വിമര്‍ശനാത്മകമായ വിലയിരുത്തല്‍ നല്കുന്നതിനു പകരം പുലഭ്യം വര്‍ഷിക്കുന്നത് ശരിയല്ല. അതുകൊണ്ട്, സമരം തുടങ്ങിയ ഉടനെ എന്തു സംഭവിച്ചെന്ന് അറിയാന്‍ സഖാക്കള്‍ക്ക് അവകാശമുണ്ട്. അവരോട് സത്യം പറയണം. സംഘടനാപരമായ ഈ പിഴവ് സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :