എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ഇങ്ങോട്ട് വിളിച്ചുവെന്നും സരിതയുടെ പരാതിയില്‍ അടൂര്‍ പ്രകാശിന്റെ പേരുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടുവെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
കെ സി വേണുഗോപാലിനെ ഉള്‍പ്പെടുത്തണമെന്ന രീതിയിലും അദ്ദേഹം സംസാരിച്ചുവെന്നും മറ്റുള്ള ആള്‍ക്കാരിലൂടെയും എസ്‌എന്‍ഡിപിയുടെ ഒരു പ്രവര്‍ത്തകനിലൂടെ തന്റെ നമ്പര്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.
പല മന്ത്രിമാര്‍ക്കും സരിതയുമായി അരുതാത്ത ബന്ധമുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശന്‍ അരോപിച്ചത്. കെ സി വേണുഗോപാലും സരിതയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞതായും വെള്ളാപ്പള്ളി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഇതെല്ലം പച്ചക്കള്ളമാണെന്ന് ഫെനി പ്രതികരിച്ചത്.
അഭിഭാഷകന്‍ അട്ടക്കുളങ്ങര ജയിലിലെത്തി സരിതയെ കാണാന്‍ ശ്രമിച്ചുവെങ്കിലും ജയിലധികൃതര്‍ കാണാന്‍ അനുവദിച്ചില്ല. ഇതിനിടയ്ക്ക് സരിതയുടെ പരാതി കോടതിയിലെത്തിച്ചു. എറണാകുളം അഡീഷണല്‍ സിജിഎം കോടതിയിലാണ് മുന്‍ ഉത്തരവ് പ്രകാരം ജയിലധികൃതര്‍ സരിതയുടെ രഹസ്യമൊഴി എത്തിച്ചത്.
അഡ്വ ഫെനി ബാലകൃഷ്ണന്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞുവെന്നും പിന്നീട് വക്കാലത്തൊഴിയുന്ന തീരുമാനം പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.