സത്യം പുറത്തുവരാന്‍ അധികാരത്തില്‍ തുടരുമെന്ന് ഉമ്മന്‍‌ചാണ്ടി പറയുന്നത് വലിയ തമാശ :വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി സ്ഥാനമൊഴിയാതെ തുടരുന്നതെന്നും കേസില്‍ സത്യം പുറത്തു വരാന്‍ അധികാരത്തില്‍ തുടരണമെന്ന് പറയുന്നത് വലിയ തമാശയാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പു വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ജനങ്ങളുടെ കോടതിയില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. സരിതയെ അറിയുമെന്നോ അറിയില്ലെന്നോ ഉമ്മന്‍ചാണ്ടി പറയുന്നില്ല. കേസില്‍ ജയിലില്‍ പോകുന്നതില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത്. കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വി എസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ശ്രീധരന്‍ നായര്‍ക്കൊപ്പം സരിതയെ കണ്ടുവെന്ന് ശെല്‍വരാജ് എം.എല്‍.എ പറഞ്ഞിരുന്നു. പിന്നീടത് അദ്ദേഹം മാറ്റിപ്പറഞ്ഞു. സമ്മര്‍ദ്ദം കാരണമാണ് സെല്‍വരാജ് നിലപാട് മാറ്റിയത്. തന്റെ ഓഫീസിലെ ദൃശ്യങ്ങള്‍ റെക്കാര്‍ഡ് ചെയ്യുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കൈക്കൂലി കേസില്‍ രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റു ചെയ്തതപ്പോള്‍ ദൃശ്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വിഎസ് പറഞ്ഞു.

കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്ക് സോളാര്‍ തട്ടിപ്പു കേസ് അഴിമതിയല്ല. ഡല്‍ഹിയില്‍ അഴിമതി കണ്ട് കിടക്കുന്ന ആന്റണിക്ക് ഒരു ലക്ഷം കോടിയെങ്കിലും വേണം അഴിമതിയെന്ന് പറയാനെന്നും വി.എസ് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഏത് വിജിലന്‍സ് വന്നാലും തനിക്ക് കുഴപ്പമില്ലെന്നും വി‌എസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :