ആചാരങ്ങളും അവാര്‍ഡുകളും ജീവിച്ചിരിക്കുന്ന കാലത്ത് നല്‍കിയാല്‍ മതിയെന്നും മരിച്ചുകഴിഞ്ഞാല്‍ വെടി മുഴക്കി കോലാഹലമുണ്ടാക്കേണ്ടെന്നും സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. ഈ ഉത്തരവോടെ പ്രമുഖരുടെ ശവസംസ്കാര ചടങ്ങുകളില്‍ മുഴങ്ങുന്ന ആചാരവെടി ഇനി ഉണ്ടാവില്ലെന്നുറപ്പായി. മരണം നടന്ന സ്ഥലത്തുപോയി കാക്കിപ്പട നിരന്നുനിന്ന് ആചാരവെടി മുഴക്കി ശബ്ദകോലാഹലമുണ്ടാക്കുന്നത് മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം ഔപചാരികതയോട് ഒട്ടും താല്പര്യം കാട്ടാത്തവര്‍ക്ക് പോലും ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി ആചാരവെടി മുഴക്കാറുണ്ടായിരുന്നു. അതിനെ എതിര്‍ത്ത വി കെ എന്‍, കെ പി അപ്പന്‍ എന്നിവരെ പോലും ആചാരവെടിയോടെയാണ് സംസ്കരിച്ചത്. കവി എ അയ്യപ്പന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ ആചാരവെടി മുഴക്കിയതും വിമര്‍ശനവിധേയമായിരുന്നു.
എന്നാണ് ബ്യൂഗിള്‍ വാദനം തുടര്‍ന്നും ഉണ്ടാവുമെന്നാണ് സാംസ്കാരിക വകുപ്പ് വ്യക്തമാക്കിയത്. ഇനി മുതല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയോ സര്‍ക്കാരിന് വേണ്ടിയോ പുഷ്പചക്രം അര്‍പ്പിക്കുകയാവും ചെയ്യുക. അല്ലെങ്കില്‍ ജില്ലാ കലക്‍ടറോ കലക്‍ടര്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ പുഷ്പചക്രം സമര്‍പ്പിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരങ്ങള്‍, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സാംസ്കാരിക സ്ഥാപനങ്ങളുടെ ബഹുമതികള്‍ എന്നിവ ലഭിച്ചവര്‍ക്കാണ് ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി ആചാരവെടി മുഴക്കിയിരുന്നത്. എന്നാല്‍ ഇത്തരം പുരസ്കാരമൊന്നും ലഭിക്കാത്തവര്‍ക്കും ഇനി ചിലപ്പോള്‍ ശവസംസ്കാര ചടങ്ങില്‍ ഔദ്യോഗിക ബഹുമതി ലഭിച്ചേക്കും. ഇവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബഹുമതി നല്‍കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുക.