കള്ളപ്പണം കൈവശം വച്ച കേസില്‍ പാകിസ്ഥാനി ഗായകന്‍ റാഹത്ത് ഫത്തെ അലി ഖാന്‍ 15 ലക്ഷം രൂപ പിഴയൊടുക്കണം. റാഹത്തിനെതിരെ കസ്റ്റംസ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മാനേജര്‍ മറൂഫിനെതിരെയും സമാനമായ കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നത്.
പിഴയൊടുക്കിയാല്‍ രേഖകളും പണവും തിരിച്ചു നല്‍കി ഇവരെ രാജ്യം വിടാന്‍ അനുവദിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഭാഗിക ജുഡീഷ്യല്‍ അതോറിറ്റിയാണ് കേസ് അന്വേഷിക്കുന്നത്.
കണക്കില്‍പെടാത്ത വിദേശ കറന്‍സി കൈവശം വച്ചതിനാണ് റാഹത്തിനെ അറസ്റ്റ് ചെയ്തത്. സൂഫി സംഗീത ഇതിഹാസം നുസ്രത്ത് ഫത്തെ അലിഖാന്‍റെ അനന്തരവനാണ് റാഹത് ഫത്തെ അലി ഖാന്‍.
1.24 ലക്ഷം ഡോളറിന്‍റെ വിദേശകറന്‍സിയാണ് റാഹത്തിന്‍റെ പക്കല്‍ നിന്നു പിടിച്ചെടുത്തത്. 37കാരനായ റാഹത്തിനൊപ്പം 16-ഓളം വരുന്ന അദ്ദേഹത്തിന്‍റെ ട്രൂപ്പ് അംഗങ്ങളും അറസ്റ്റിലായിരുന്നു. ലാഹോറിലേക്കുള്ള യാത്രക്കിടയിലാണ് ഒരു എമിറേറ്റ്സ് വിമാനത്തില്‍ വച്ച് വിദേശകറന്‍സി പിടികൂടുന്നത്.
റാഹത്തിനൊപ്പം പിടിയിലായ ചിത്രേഷ് ശ്രീവാസ്തവയെയും ഡയറക്‍ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വസതിയിലും ഓഫീസിലുമായി നടത്തിയ റെയ്ഡില്‍ 51 ലക്ഷം രൂപയും ചില നിര്‍ണ്ണായക രേഖകളും കണ്ടെടുത്തിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും നല്ല പാട്ടുകാരനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഇഷ്ഖിയ എന്ന സിനിമയില്‍ റാഹത്ത് ആലപിച്ച ‘ദില്‍ തൊ ബച്ചാഹെ ജി’ എന്ന പാട്ടിനാണ് ലഭിച്ചത്. നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പുറത്തു വന്നിട്ടുണ്ട്.
വിദേശ പൌരന്‍മാര്‍ക്ക് കറന്‍സി രൂപത്തില്‍ കൊണ്ടുപോകാവുന്ന പരമാവധി തുക 5000 ഡോളറാണ്. 5000 ഡോളര്‍ വില വരുന്ന മറ്റ് വസ്തുക്കളും കൊണ്ടു പോകാന്‍ സാധിക്കും.