ഷെഫീക്കിന്റെ വെന്‍റിലേറ്റര്‍ സഹായം പൂര്‍ണമായി നീക്കി
കോട്ടയം|
WEBDUNIA|
PRO
കട്ടപ്പനയില്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത ഷെഫീക്കിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. കുട്ടിക്ക് സ്വയം ശ്വസിക്കാന്‍ കഴിയുന്നുണ്ട്. അതേസമയം പീഡനത്തില്‍ തലച്ചോറിന് 75 ശതമാനത്തോളം ക്ഷതമേറ്റത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമോയെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു.
അപസ്മാരം ഉണ്ടായിട്ടില്ല. അണുബാധ വളരെ കുറഞ്ഞു. എന്നാല്‍ ദേഹത്ത് നീര്‍ക്കെട്ടുണ്ട്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ നല്കുന്നുമുണ്ട്. ഭക്ഷണത്തോടും ശരീരം അനുകൂലമായി പ്രതികരിക്കുന്നു.
കുട്ടിയുടെ തലച്ചോറിന് 75 ശതമാനം ക്ഷതമേറ്റിട്ടുണ്ട്. ഇത് ഗുരുതരമാണ്. ഇതുമൂലം കൈകാല്‍ തളര്‍ച്ച, ബുദ്ധിമാന്ദ്യം, കാഴ്ചക്കുറവ് എന്നിവ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളുടെ മസ്തിഷ്‌കകോശങ്ങള്‍ക്ക് ക്ഷതമേറ്റാല്‍ അവ സ്വയം പരിഹരിക്കപ്പെടാറുമുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ച് കുട്ടിയുടെ രോഗവിവരം തിരക്കി. കുട്ടിക്ക് ഏറ്റവും നല്ല ചികിത്സ നല്കണമെന്ന് അദ്ദേഹം ആസ്പത്രി അധികൃതരോട് നിര്‍ദേശിച്ചു.