തിരുവനന്തപുരം|
ജോണ്‍ കെ ഏലിയാസ്|
Last Modified ചൊവ്വ, 6 മെയ് 2014 (16:23 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനോട് പല വിഷയങ്ങളിലും എതിര്‍പ്പുള്ളവര്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും. ബാര്‍ ലൈസന്‍സ് സംബന്ധിച്ച കാര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനും വി എം സുധീരനും തമ്മില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തര്‍ക്കത്തില്‍ കോണ്‍ഗ്രസിലെ മഹാഭൂരിപക്ഷവും സുധീരനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സുധീരന്‍റെ നിലപാട് തന്നെയാണ് ശരി എന്നാണ് മിക്കവരുടെയും അഭിപ്രായം.
വ്യത്യസ്ത ഗ്രൂപ്പുകളിലുള്ളവര്‍ പോലും ഷാനിമോളുടെ നീക്കത്തെ ശക്തിയുക്തം എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഷാനിമോള്‍ കെ പി സി സി അധ്യക്ഷനയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിനെ രൂക്ഷമായ ഭാഷയിലാണ് പലരും വിമര്‍ശിച്ചത്.
നാട്ടില്‍ പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങള്‍ ആരോപണമായി ഉന്നയിക്കേണ്ട വേദിയല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്‍റിന് അയച്ച കത്ത് നാട്ടുകാര്‍ അറിയേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പ്രസിഡന്‍റ് എന്ന നിലയില്‍ സുധീരന്‍റേത് മികച്ച പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന് അയച്ച കത്ത് പുറത്തുവിട്ടത് തെറ്റായ നടപടിയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം വ്യക്തികള്‍ക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കാനെന്നും കെ മുരളീധരന്‍ പറഞ്ഞു.
സുധീരനെതിരായ കത്ത് ചോര്‍ത്തി പുറത്തുവിട്ടത് ഷാനിമോള്‍ ഉസ്മാനാണെന്നും ഷാനിമോള്‍ക്ക് പിന്നില്‍ മദ്യലോബിയാണെന്നും ആലപ്പുഴ ഡി സി സി പ്രസിഡന്‍റ് എ എ ഷുക്കൂര്‍ ആരോപിച്ചു. പശ്ചാത്തപിച്ചാല്‍ ഷാനിമോള്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം ലഭിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു. കത്ത് മാധ്യമങ്ങള്‍ക്കു ലഭിച്ചത് ശരിയായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.