ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മന്ത്രി വിഎസ് ശിവകുമാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശബരിമലയില്‍ അടുത്ത മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ച്ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി ദേവസ്വം വകുപ്പു മന്ത്രി വി എസ് ശിവകുമാര്‍. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഏകോപനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്‍റെ ഭാഗമായി മാളികപ്പുറത്ത് ഫ്‌ളൈ ഓവറും മരക്കൂട്ടത്ത് അണ്ടര്‍പാസ്സും നിര്‍മ്മിക്കും. ശബരിമലയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇതിന്റെ നിര്‍മ്മാണം ആഗസ്റ്റ് 10 ന് ആരംഭിച്ച് പതിനെട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കും. സ്വാമി അയ്യപ്പന്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തും. പമ്പ-സന്നിധാനം സമാന്തര പൈപ്പ് ലൈന്‍ പദ്ധതി സീസണുമുമ്പ് പൂര്‍ത്തിയാക്കും എന്ന് മന്ത്രി പറഞ്ഞു.

അതുപോലെ ആവശ്യമുള്ളിടങ്ങളില്‍ സ്ഥിരം ബാരിക്കേഡുകള്‍ സ്ഥാപിക്കും. സന്നിധാനത്ത് ആറ് കോടി രൂപ ചെലവില്‍ രണ്ട് അന്നദാന മണ്ഡപങ്ങള്‍കൂടി നിര്‍മ്മിക്കും. സന്നിധാനത്തെ ലോവര്‍ തിരുമുറ്റം രണ്ട് കോടി രൂപ ചെലവില്‍ നവീകരിക്കും. പൈപ്പ് ലൈനില്‍ നിശ്ചിത അകലത്തില്‍ ടാപ്പുകള്‍ സ്ഥാപിച്ച് ചുക്കുവെള്ളം വിതരണം ചെയ്യും. പമ്പ-മരക്കൂട്ടം ഭാഗത്ത് കൂടുതല്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കും. സന്നിധാനത്ത് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പതിനായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ട്, റോഡുകള്‍, കുടിവെള്ളവിതരണ സംവിധാനം എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ചെക്ക് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

കണമല പാലത്തിന്റെ നിര്‍മ്മാണം സീസണുമുമ്പ് പൂര്‍ത്തിയാക്കും. ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ നവീകരണ ജോലികള്‍ സമയബന്ധിതമായി നടത്തും. മണ്ണാറക്കുളഞ്ഞി-ചാലക്കയം അമ്പത്തിമൂന്ന് കിലോ മീറ്റര്‍ റോഡിന്റെ ഹെവി മെയിന്റനന്‍സ് ജോലികളില്‍ ഇരുപത്തിമൂന്ന് കിലോമീറ്റര്‍ പൂര്‍ത്തിയായി. ബാക്കി ഭാഗം സീസണുമുമ്പ് പൂര്‍ത്തിയാക്കും. സീറോ വേസ്റ്റ് ശബരിമല പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുവാന്‍ യോഗം നിര്‍ദ്ദേശിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :