അട്ടപ്പാടി പാക്കേജ്: പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍
അട്ടപ്പാടി|
WEBDUNIA|
Last Modified ചൊവ്വ, 21 മെയ് 2013 (18:18 IST)
PRO
PRO
അട്ടപ്പാടി പാക്കേജുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍. തിരുവനന്തപുരത്ത് കൂടിയ ഉന്നതതലയോഗത്തിന് ശേഷം മന്ത്രി അറിയിച്ചതാണിക്കാര്യം.. പാലക്കാട് ഡെപ്യൂട്ടി ഡിഎംഒ ഡോ പ്രഭുദാസിനെ ആരോഗ്യവകുപ്പിന്റെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ മുപ്പത്തിയെട്ടും അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇരുപത്തിമൂന്നും പുതൂര്‍ പി എച്ച് സിയില്‍ പതിനാലും അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ധനകാര്യവകുപ്പിന് സമര്‍പ്പിച്ചുകഴിഞ്ഞു.
24 മണിക്കൂറും കാഷ്വാലിറ്റി സംവിധാനമുണ്ടാക്കുന്നതിനാണ് അധികതസ്തികകള്‍ സൃഷ്ടിക്കുന്നത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എന്‍ആര്‍എച്ച്എം വഴി ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു. ബ്ലഡ് സ്റ്റോറേജ് ഫെസിലിറ്റി വഴി 29 യൂണിറ്റ് രക്തം ഇവിടെ വിതരണം ചെയ്തിട്ടുണ്ട്. അരിവാള്‍ രോഗം കണ്ടെത്തുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും നടത്തുന്നുണ്ട്. കൂടാതെ മൂന്ന് ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകള്‍ ഊരുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ജെഎച്ച്ഐ, ജെപിഎച്ച്എന്‍, ആശാവര്‍ക്കേഴ്‌സ്, എസ്.റ്റി പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ അയണ്‍ഫോളിക് ആസിഡ് ഗുളികകളുടെയും വൈറ്റമിന്‍ എ ഗുളികകളുടെയും വിതരണവും നടക്കുന്നുണ്ട്. അട്ടപ്പാടിയിലെ സബ്‌സെന്റര്‍ നവീകരണത്തിന് നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉന്നതതല യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ഡിഎച്ച്എസ്, ഡിഎംഇ തുടങ്ങിയവര്‍ പങ്കെടുത്തു.