അന്നദാന മണ്ഡപം കെട്ടുന്നതില്‍ ദൈവഹിതമറിയുകയും പതിനെട്ടാംപടിയുടെ അറ്റകുറ്റപ്പണി നടത്തുന്നതും സംബന്ധിച്ച് ശബരിമലയില്‍ ദേവപ്രശ്നം നടക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് ദേവപ്രശ്നം ആരംഭിച്ചത്. എന്നാല്‍, ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവപ്രശ്നത്തെക്കുറിച്ചു ദേവസ്വം വകുപ്പിനെയോ, ദേവസ്വം മന്ത്രിയെയോ ശബരിമല തന്ത്രിയെയോ അറിയിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
ശബരിമല തന്ത്രിയുടെ അനുമതി വാങ്ങി തീയതി നിശ്ചയിച്ച ശേഷമാണ് സാധാരണ ഗതിയില്‍ ദേവപ്രശ്നം നടത്തേണ്ടത്. എന്നാലിപ്പോള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചിലരുടെ താത്പര്യ പ്രകാരമാണു ദേവപ്രശ്നം നടത്തുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ബോര്‍ഡിനു രണ്ടു മാസം മാത്രം കാലാവധി ബാക്കി നില്‍ക്കെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചു നടത്തുന്ന നടപടിയെക്കുറിച്ചു പരാതി ഉയര്‍ന്നിട്ടുണ്ട്. കൊടിമരം മാറ്റലും മരാമത്തു പണികളുമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇതെന്നു മുഖ്യ ആരോപണം.
ദേവസ്വം ബോര്‍ഡ് ഈ ആരോപണത്തിന് മറുപടി നല്‍കിയിട്ടുണ്ട്. ഒറ്റ രാഖി താംബൂല പ്രശ്നം എന്ന സാധാരണം നടപടിക്രമം മാത്രമാണു നടത്തുന്നതെന്നാണു ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. എന്നാല്‍ ഇതും തന്ത്രിയുടെ അനുമതിയോടെ പരസ്യമായി നടത്തുന്നതാണ് സാധാരണ കീഴ്വഴക്കമെന്ന് വിമര്‍ശകര്‍ പറയുന്നു.