വരാപ്പുഴ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതി ശോഭാ ജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൗരവപ്പെട്ട ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശോഭാ ജോണിന് സ്ത്രീ എന്ന പരിഗണന നല്‍കി ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
താന്‍ വിധവയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും കാണിച്ചാണ് ശോഭാ ജോണ്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഉന്നതങ്ങളില്‍ വന്‍ ബന്ധങ്ങളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി വിചാരണ നടക്കുന്ന കേസുകള്‍ പൂര്‍ത്തിയായാല്‍ പ്രതിക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്ന് അറിയിച്ചു.
ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന കേസിലും ഇവര്‍ പ്രതിയാണ്. ഈ കേസില്‍ ഇവര്‍ ഉള്‍പ്പെടെ പതിനൊന്ന് പ്രതികളാണുള്ളത്. എറണാകുളം അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.