പൊന്നമ്പലമേട്ടില്‍ തെളിഞ്ഞത് സേര്‍ച്ച് ലൈറ്റല്ലെന്ന് പൊലീസ്

ശബരിമല| WEBDUNIA| Last Modified ബുധന്‍, 18 ജനുവരി 2012 (12:08 IST)
PRO
PRO
മകരവിളക്കിന്റെ തലേ ദിവസം പൊന്നമ്പലമേട്ടില്‍ തെളിഞ്ഞത്‌ സേര്‍ച്ച്‌ ലൈറ്റല്ലെന്ന് പൊലീസ്. പൊന്നമ്പലമേട്ടില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ അകലെയായുള്ള വ്യൂ പോയിന്റിലാണ്‌ ദീപം തെളിഞ്ഞത്. പലതവണകളായി രണ്ട് മിനിറ്റ് നേരമാണ് ദീപം തെളിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട്‌ മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും വിശദമായ റിപ്പോര്‍ട്ട്‌ രണ്ടു ദിവസത്തിനകം ലഭിക്കുമെന്നും എ ഡി ജി പി പി ചന്ദ്രശേഖരന്‍ അറിയിച്ചു. പുറത്തുനിന്നുള്ള ആരും ഈ സമയത്ത് വനത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

മകരവിളക്കിന് തലേദിവസം ശബരിമലയില്‍ ദീപാരാധന നടന്നതിന്‌ തൊട്ടുപിന്നാലെ പൊന്നമ്പലമേടിന്‌ സമീപത്തായി ദീപം തെളിഞ്ഞത് ഭക്തരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു‌. മകരവിളക്കാണോ ഇതെന്ന് പലരും സംശയിച്ചിരുന്നു. എന്നാല്‍ ഇത് മകരവിളക്കല്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെയൊ വനം വകുപ്പിന്റെയൊ സെര്‍ച്ച് ലൈറ്റിന്റെ പ്രകാശമായിരിക്കാം ഇതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :