കൊല്ലം|
Last Modified ശനി, 18 ഏപ്രില്‍ 2015 (18:47 IST)
എം പി വീരേന്ദ്രകുമാറിനോടും ജനതാദള്‍ (യു)നോടും യു ഡി എഫ് ചെയ്തത് ചതിയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പാലക്കാട് മണ്ഡലത്തില്‍ വീരേന്ദ്രകുമാറിനെ ബോധപൂര്‍വം പരാജയപ്പെടുത്തുകയായിരുന്നു എന്നും പിള്ള ആരോപിച്ചു. താന്‍ അധ്യക്ഷനായ കമ്മീഷന്‍ ഇക്കാര്യം അന്വേഷിച്ച് തെളിവുകള്‍ ഉള്‍പ്പടെ നിരത്തിയതാണ്. ആ റിപ്പോര്‍ട്ട് യു ഡി എഫ് പുറത്തുവിടുന്നില്ലെന്നും പിള്ള ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായ ചതിയും വഞ്ചനയുമാണ് വീരേന്ദ്രകുമാറിനോട് കാണിച്ചത്. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതക്കളും കൂട്ടുനിന്നു. ജില്ലയിലെ ഉന്നത നേതാക്കളായ വി എസ് വിജയരാഘവനെയും എ വി ഗോപിനാഥിനെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് അടുപ്പിച്ചതുപോലുമില്ല -
ബാലകൃഷ്ണപിള്ള പറഞ്ഞു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള തീവെട്ടിക്കൊള്ളയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അതേപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ വീരേന്ദ്രകുമാറിന്‍റെ പാര്‍ട്ടി തയ്യാറാകണം - പിള്ള ആവശ്യപ്പെട്ടു.
യു ഡി എഫിലെ മിക്ക ഘടകകക്ഷികളുടെയും നേതാക്കളെ ബോധപൂര്‍വം പരാജയപ്പെടുത്തുകയായിരുന്നു. എം വി രാഘവനെ തോല്‍പ്പിച്ചു, ഗൌരിയമ്മയെ തോല്‍പ്പിച്ചു, എന്നെ തോല്‍പ്പിച്ചു - ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.