വിധി തന്നെ ബാധിക്കില്ല; പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല: ടിജെ ജോസഫ്

തൊടുപുഴ| JOYS JOY| Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (13:43 IST)
വിവാദമായ കൈവെട്ട് കേസിലെ കോടതിയുടെ വിധിപ്രസ്‌താവം തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രൊഫ ടി ജെ ജോസഫ്. കൊച്ചി എന്‍ ഐ എ കോടതിയുടെ വിധി പ്രസ്താവം വന്നതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ 13 പേരെ കുറ്റക്കാരായി വിധിച്ച കൊച്ചി എന്‍ ഐ എ കോടതി 13 പേരെ കുറ്റക്കാരായി വിധിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തു.

കോടതി വിധിയില്‍ തനിക്ക് യാതൊരുവിധ പരിഭവവുമില്ല. തനിക്ക് നീതി കിട്ടേണ്ടത് സര്‍ക്കാരില്‍ നിന്നാണ്.
മനസാക്ഷിയുടെ കോടതിയില്‍ പ്രതികള്‍ക്ക് താന്‍ നേരത്തെ തന്നെ മാപ്പു നല്കിയതാണ്. വിധി എന്തായാലും തന്നെ ബാധിക്കില്ലെന്നുംജോസഫ് വ്യക്തമാക്കി.

തന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ നാലര ലക്ഷം രൂപ തന്നിരുന്നു. എന്നാല്‍, ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. കളക്ടറുടേ ശുപാര്‍ശസഹിതം സര്‍ക്കാരില്‍ കണക്കുകള്‍ സമര്‍പ്പിച്ചെങ്കിലും അതു ഇതുവരെ അനുവദിച്ച് കിട്ടിയിട്ടില്ല.

കോളജില്‍ നിന്ന് പിരിച്ചു വിട്ട തന്നെ തിരിച്ചെടുത്തിരുന്നു. എന്നാല്‍, ശമ്പള കുടിശ്ശികയോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ കിട്ടിയിട്ടില്ല. അതിനു വേണ്ടിയിട്ടുള്ള പേപ്പറുകള്‍ തീരുമാനമാകാതെ കിടക്കുകയാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു മതത്തെയോ മത ചിന്തകളെയോ വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :