പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ് വീണ്ടും അണലിയുടെ കടിയേറ്റ് ആശുപത്രിയിലായി. വാവ സുരേഷ് മെഡിക്കല്‍ കോളേജ് ഐസിയു വിലാണ്. വാവയുടെ നില ഗുരുതരമാണെന്നാണ് വിവരം. കൊട്ടാരക്കര പുത്തൂരില്‍ ബുധനാഴ്ച അണലിയെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് കടിയേറ്റത്.
കൊട്ടാരക്കരയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷമാണ് വാവയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതിന് മുമ്പും നിരവധി തവണ അണലിയുടെയും മൂര്‍ഖന്‍റെയും കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിലായിട്ടുണ്ട്. അപ്പോഴെല്ലാം മെഡിക്കല്‍ കോളേജിലാണ് ചികിത്സിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ബാലരാമപുരത്തിനടുത്ത് മുടവൂര്‍പ്പാറയില്‍ വച്ച് മൂര്‍ഖന്‍റെ കടിയേറ്റ് വാവയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 25 ലേറെ വര്‍ഷങ്ങളായി പാമ്പു പിടിത്തത്തിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമായിട്ടുള്ള സുരേഷ് ചെറിയ തോതില്‍ ഏല്‍ക്കുന്ന പാമ്പുകടികളെല്ലാം സ്വയം ചികിത്സിക്കാറാണ് പതിവ്.
25 വര്‍ഷത്തിനിടെ വാവ പിടിച്ചത് 34000 പാമ്പുകളെയാണ്. തനിക്ക് 265 തവണ പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് വാവ തന്നെ പറഞ്ഞിരിക്കുന്നത്. അതില്‍ എട്ട് തവണ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലുമായിട്ടുണ്ട്.