വായടപ്പിക്കാമെന്ന് കരുതേണ്ട, സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന് പറയിക്കരുത്: സതീശന്‍

സതീശന്‍, സുധീരന്, ആന്‍റണി, ഉമ്മന്‍‌ചാണ്ടി, കൊടിക്കുന്നില്‍
തിരുവനന്തപുരം| Last Modified ശനി, 16 മെയ് 2015 (15:35 IST)
എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ട് കെ പി സി സി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍. തന്‍റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സതീശന്‍ പറഞ്ഞു. എ കെ ആന്‍റണിയെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സതീശന്‍ പറയുന്നു.

ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ഞാന്‍ പറഞ്ഞു എന്നാണ് കൊടിക്കുന്നില്‍ സുരേഷൊക്കെ പറയുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. പണ്ടേ ഉമ്മന്‍‌ചാണ്ടി വിരുദ്ധനാണ് കൊടിക്കുന്നില്‍ സുരേഷ്. എന്‍റെ ചെലവില്‍ ഉമ്മന്‍‌ചാണ്ടിയെ മാറ്റാമെന്ന് സുരേഷ് കരുതേണ്ട - സതീശന്‍ വ്യക്തമാക്കി.

ഞാന്‍ ഹൈക്കമാന്‍ഡ് ചമയേണ്ടെന്ന് കെ സി ജോസഫ് പറയുന്നു. ഞാന്‍ ഒരിക്കലും ഹൈക്കമാന്‍ഡ് ചമഞ്ഞിട്ടില്ല. അറുപതോളം കെ പി സി സി ഭാരവാഹികളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. പറഞ്ഞത് സാധാരണ ജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരമാണ്. അത് ഇനിയും പറയുകയും ചെയ്യും. സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണ് എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണെന്ന് പറഞ്ഞിട്ടില്ല. എന്നേക്കൊണ്ട് അങ്ങനെ പറയിക്കരുത് - സതീശന്‍ പറഞ്ഞു.

യു ഡി എഫ് ഇപ്പോള്‍ അതിന്‍റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. എന്നാല്‍ ഏറ്റവും അനുകൂലമായ അവസ്ഥയിലാണെന്നാണ് കെ സി ജോസഫ് പറയുന്നത്. അദ്ദേഹം ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്തായാലും ഭൂമിയിലല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ കഴിയുമായിരുന്നില്ല.

എനിക്ക് അധികാരമോഹമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു. ശരിയാണ്. ഞാന്‍ അധികാരമോഹിയാണ്, സന്യാസിയൊന്നുമല്ല. പക്ഷേ, അധികാരത്തിനുവേണ്ടി രേഖകള്‍ തിരുത്തിയിട്ടില്ല. അധികാരത്തിനുവേണ്ടി സമുദായനേതാക്കളുടെ പിറകെ പോയിട്ടില്ല. അധികാരം ലഭിക്കാന്‍ വേണ്ടി ഉമ്മന്‍‌ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ കണ്ടിട്ടില്ല - സതീശന്‍ വ്യക്തമാക്കി.

കേരളം മുഴുവന്‍ അഴിമതിയാണെന്നാണ് എ കെ ആന്‍റണി പറഞ്ഞത്. അതാണ് ഇവരെയൊക്കെ ചൊടിപ്പിച്ചിരിക്കുന്നത്. ആന്‍റണിക്കെതിരെ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് എനിക്കെതിരെ പറയുകയാണ്. കരുണാകരനെയും ആന്‍റണിയെയും മുഖ്യമന്ത്രിസ്ഥാനത്തുനിന്നുമാറ്റാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ആള്‍ക്കാരാണിവര്‍. എന്തെങ്കിലും ചെറിയ അനക്കം കേള്‍ക്കുമ്പോള്‍ ഇവര്‍ ഭയക്കുകയാണ്. പണ്ടുചെയ്തതിന്‍റെ കുറ്റബോധം കൊണ്ടാണ് ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത് - വി ഡി സതീശന്‍ തുറച്ചടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :