ന്യൂഡല്‍ഹി|
jibin|
Last Updated:
ശനി, 16 മെയ് 2015 (14:20 IST)
യുഡിഎഫിനുമേല്‍ അഴിമതിയുടെ കരിനിഴല്‍ വീണു കഴിഞ്ഞെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്റെ പ്രസ്തവനയ്ക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് എംപിയും മന്ത്രി കെസി ജോസഫും രംഗത്ത്. മന്ത്രിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സതീശന്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ അംഗീക്കാനാവില്ല. പലപ്പോഴും അദ്ദേഹം ഹൈക്കമാന്‍ഡ് ചമയുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അടുത്ത കാലത്തായി കേരളത്തിൽ നേതൃമാറ്റം നടക്കാൻ പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതുപോലെ കെപിസിസി യോഗത്തിലെ തീരുമാനങ്ങൾ ചോരുന്നതും പതിവായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എന്നാൽ, വി.ഡി സതീശനാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി. ഹൈക്കമാൻഡിന്റെ പേരു പറഞ്ഞാണ് സതീശൻ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ഹൈക്കമാൻഡിന്റെ ആളാണ് താനെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും വരുത്തുകയാണ് സതീശന്റെ ലക്ഷ്യം. കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടിരുന്നെങ്കിലും അതു കിട്ടിയില്ല. അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനമാണ് സതീശൻ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
സർക്കാരിനെതിരായി വന്ന സതീശന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് മന്ത്രി കെസി ജോസഫും പ്രതികരിച്ചു. പ്രതിപക്ഷ സ്വരത്തിന്റെ ഭാഗമായി സതീശൻ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കെപിസിസി പ്രതിനിധിയും ഹൈക്കമാൻഡിന്റെ അഭിപ്രായം പറയേണ്ട. കെപിസിസിയുടെ ആറു വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മാത്രമാണ് സതീശൻ. എ.കെ. ആന്റണിയുടെയും സതീശന്റെയും വാക്കുകൾ ഒരുപോലെ കാണാനാകില്ലെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.
യുഡിഎഫിനുമേല്‍ അഴിമതിയുടെ കരിനിഴല്‍ വീണു കഴിഞ്ഞെന്നാണ് സതീശന്‍ പറഞ്ഞത്. ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉചിതമായ തീരുമാനം വേണം ഇല്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും. പാര്‍ട്ടി മന്ത്രിമാരെ നിയന്ത്രിക്കാനേ കെപിസിസിക്കു പറ്റൂ. ഘടകകക്ഷി മന്ത്രിമാരെ നിയന്ത്രിക്കാന്‍ കെപിസിസിക്ക് സാധിക്കില്ല. അതു ചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്. യുഡിഎഫിന്റെ ഇമേജിന് കോട്ടം വരുത്തുന്ന കാര്യവുമായി ആര് മുന്നോട്ട് പോയാലും നിയന്ത്രിക്കാന്‍ കഴിയണം അവരെ കയറൂരി വിടരുതെന്നും
മുഖ്യമന്ത്രിക്ക് അതിന് ബാധ്യതയുണ്ടെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വിഡി സതീശന്‍ വ്യക്തമാക്കിയത്.
രണ്ടാം യുപിഎ സര്‍ക്കാറിനുണ്ടായ അപകടം യുഡിഎഫിനുണ്ടാവരുത്. ഘടകകക്ഷികള്‍ക്കുനേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് വിലകോടുക്കേണ്ടി വന്നത് കോണ്‍ഗ്രസിനാണ്. അതേ അവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിന് ഉണ്ടാവാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് യു.ഡി.എഫില്‍ നേതൃമാറ്റം ഉണ്ടാവാത്തതെന്ന് സതീശന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യനാണെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രസന്നമായ മുഖമാണ് ചെന്നിത്തലയുടേതെന്നും അദ്ദേഹം പറഞ്ഞു.