കൊച്ചി ഇടപ്പള്ളി ലുലു ഭൂമിയില്‍ ഇന്ന് നടത്താനിരുന്ന റീസര്‍വെ നടപടികള്‍ മാറ്റിവച്ചു. ജില്ലാ ഭരണകൂടം ആണ് സര്‍വേ ഇന്ന് നടക്കില്ലെന്ന് അറിയിച്ചത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് അനുവദിച്ച ഭൂമിയില്‍ കൈയേറ്റം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് റീസര്‍വേ നടത്താന്‍ അധികൃതര്‍ ബുധനാഴ്ച തീരുമാനമെടുത്തത്.
ഈ സ്ഥലത്തിന്റെ സ്കെച്ച്, മാപ്പ് എന്നിവയും അനുബന്ധരേഖകളും ശേഖരിക്കാന്‍ വൈകുന്നത് മൂലമാണ് സര്‍വെ മാറ്റിവച്ചത് എന്നാണ് വിശദീകരണം. ഉദ്യോഗസ്ഥര്‍ ഇന്ന് രേഖകള്‍ ശേഖരിക്കും. അതിന് ശേഷമാകും റീസര്‍വേ നടപടികള്‍ക്ക് തുടക്കമാകുക.
ലുലു മെട്രോ ഭൂമി കയ്യേറിയെന്ന മെട്രോ കോര്‍പ്പറേഷന്റെ പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പക്ഷേ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ലുലുമാള്‍ കൊച്ചി മെട്രോയെ ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു. കൊച്ചി മെട്രോയിലെ പ്രധാന സ്റ്റേഷനായ ഇടപ്പള്ളി സ്റ്റേഷന്റെ നിര്‍മ്മാണത്തെ ബാധിക്കുമെന്നാണ് കൊച്ചി മെട്രോയുടെ അവകാശവാദം.
ഇത് സംബന്ധിച്ച് ഒരുവര്‍ഷം മുന്‍പാണ് കൊച്ചി മേയര്‍ക്കും കളമശ്ശേരി മുനിസപ്പല്‍ ചെയര്‍മാനും പരാതി നല്‍കിയത്.