ലാവ്‌ലിന്‍ കേസില്‍ കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്ന് സിബിഐ

കൊച്ചി| WEBDUNIA|
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയ കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സിബിഐ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. പിണറായി വിജയനെ ഒഴിവാക്കി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി നവംബര്‍ അഞ്ചിന് ഉത്തരവിട്ടിരുന്നു. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. 2007 ജനുവരി 16ന് സിബിഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്.

പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചത് ദുഷ്ടലാക്കോടെ അല്ലെന്നും സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കും ഇതുമൂലം നഷ്ടമുണ്ടായില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. പിണറായിയെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പിഎ സിദ്ധാര്‍ഥ മേനോന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ ജി കാര്‍ത്തികേയനെ പ്രതിയാക്കണമെന്ന സിബിഐ ആവശ്യവും കോടതി തള്ളി.

കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പ് വെച്ചതില്‍ സിഎജി ക്രമക്കേട് കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പ് വെച്ച ഇടപാടില്‍ പൊതു ഖജനാവിന് 374 കോടി രൂപയോളം നഷ്ടം സംഭവിച്ചെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്‍ഡില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്നും സിഎജി കണ്ടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :