ലയനത്തിനൊരുങ്ങി ആര്‍എസ്പികള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യുഡിഎഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വംനല്‍കുന്ന ആര്‍എസ്പി-ബിയും എഎ അസീസ് എംഎല്‍എ സംസ്ഥാന സെക്രട്ടറിയായ ആര്‍എസ്പി. ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച രൂപരേഖ തയാറാക്കുന്നതിനായി ആര്‍എസ്പി സംസ്ഥാന സമിതിയോഗം ഏപ്രില്‍ 21ന് ചേരും

ഇരു പാര്‍ട്ടികളും ഒന്നാകുമെന്ന ഉറപ്പിലാണ് കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ യുഡി‌എഫ് തയാറായത്. കൊല്ലം ലോക്‌സഭാ സീറ്റ് സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്നാണ് എഎ അസീസ് എംഎല്‍എ സംസ്ഥാന സെക്രട്ടറിയായ ആര്‍എസ്പി, എല്‍ഡിഎഫ് വിട്ടത്. ഇതിനു പിന്നാലെ ആര്‍എസ്പി സംസ്ഥാനസമിതി ഓഫീസിലെത്തി മന്ത്രി ഷിബു ബേബിജോണ്‍ ലയന സൂചന നല്‍കിയിരുന്നു.

തുടര്‍ന്ന് യോഗംചേര്‍ന്ന ആര്‍എസ്പി-ബി സംസ്ഥാന സമിതി ലയനനിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമായിരിക്കും ലയന സമ്മേളനം. ലയനതീരുമാനം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആര്‍എസ്പികളുടെ ശക്തികേന്ദ്രമായ കൊല്ലത്ത് സമ്മേളനം സംഘടിപ്പിക്കും.

ആര്‍എസ്പി ഘടകങ്ങള്‍ ലയനത്തിനൊരുങ്ങുമ്പോഴും ഔദ്യോഗിക വിഭാഗത്തിന്റെ ദേശീയഘടകവും സംസ്ഥാന ഘടകവും രണ്ടുപക്ഷത്താണ്. ആര്‍എസ്പി അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായ ജനറല്‍സെക്രട്ടറി പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഒപ്പമാണ്.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം ശരിവെച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹം ഒഴികെയുള്ള മറ്റു നേതാക്കള്‍ ഇപ്പോഴും ഇടതുപക്ഷത്തിനോടൊപ്പമാണെന്നതിനാല്‍ ഇതു സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :