റെയില്‍വേയില്‍ മിന്നല്‍ പരിശോധന: പിഴയായി ലഭിച്ചത് 1.43 ലക്ഷം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
റെയില്‍വേ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലൂടെ 1.43 ലക്ഷം രൂപ പിഴയിനത്തില്‍ പിരിഞ്ഞുകിട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, പേട്ട റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ മിന്നല്‍ പരിശോധന ടിക്കറ്റില്ലാ യാത്രക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്തു.
റയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റ് കമ്മീഷണര്‍ രജനീഷ് കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തില്‍ 120 ആര്‍പിഎഫ് ജവാന്മാര്‍, 60 റയില്‍വേ പൊലീസ്, 40 ടിക്കറ്റ് എക്സാമിനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് ഈ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയത്.
ഈ പരിശോധനയില്‍ 800 ലേറെ ടിക്കറ്റില്ലാ യാത്രക്കാരെ പിടികൂടി. ആകെ 443 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയില്‍ ആകെ പിഴയിനത്തില്‍ 1.43 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു.
ഇതിനൊപ്പം കായംകുളം മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 204 യാത്രക്കാരെ പിടികൂടി. ഇവരില്‍ നിന്ന് ഒട്ടാകെ 72,840 രൂപ പിഴയിനത്തില്‍ വസൂലാക്കുകയും ചെയ്തു. ഇവരില്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കാനാണ് അധികാരികളുടെ തീരുമാനം.