കേരളത്തിന് ലഭിച്ച റെയില്‍വേ കോച്ച്‌ ടെര്‍മിനല്‍ തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം നേമത്ത്‌ അനുവദിച്ച റെയില്‍വേ കോച്ച്‌ ടെര്‍മിനല്‍ തമിഴ്‌നാട്ടിലേക്ക്‌. നേമത്ത്‌ ടെര്‍മിനല്‍ നിര്‍മിക്കാന്‍ ഭൂമിശാസ്‌ത്രപരമായ തടസ്സങ്ങളുണ്ടെന്നാണ്‌ ഡിവിഷനല്‍ മാനേജര്‍ ഉന്നയിക്കുന്ന വാദം. കോച്ച്‌ ടെര്‍മിനല്‍ കന്യാകുമാരിയിലേക്ക്‌ മാറ്റാനാണ്‌ നീക്കം. ഇതോടെ 2008 ലും 2011 ലും കേരളത്തിന്‌ റയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി.

കേരളത്തിലെത്തുന്ന കോച്ചുകളുടെ അറ്റകുറ്റപ്പണിക്കായിരുന്നു നേമത്തെ ടെര്‍മിനല്‍ തീരുമാനിച്ചത്‌. 250 കോടി രൂപയുടേതായിരുന്നു പദ്ധതി. ഇവിടെ നിലവിലുള്ള 12.14 ഹെക്ടര്‍ സ്ഥലത്തിനു പുറമെ 28.33 ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുത്ത്‌ കോച്ചിങ്‌ ടെര്‍മിനല്‍ പൂര്‍ത്തിയാകാനായിരുന്നു നീക്കം. ചെന്നൈയിലെ ബേസിന്‍ ബ്രിജ്‌ കോച്ചിങ്‌ ഡിപ്പോയുടെ മാതൃകയില്‍ സ്റ്റേഷന്റെ വികസനത്തിനുള്ള പരിപാടികളെല്ലാം നിശ്ചയിച്ചുവച്ചിരുന്നതുമാണ്‌.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വികസനം മുന്‍കൂട്ടിക്കണ്ടുകൊണ്ടായിരുന്നു നേമം റയില്‍വേ സ്റ്റേഷന്‍ മൂന്നാമത്തെ കോച്ചിങ്‌ ടെര്‍മിനലാക്കി മാറ്റാന്‍ റയില്‍വേ തീരുമാനിച്ചത്‌. തിരുവനന്തപുരം സെന്‍ട്രല്‍, വേളി സ്റ്റേഷനുകള്‍ പരമാവധി ട്രെയിനുകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥിതി വരുമ്പോഴായിരിക്കും നേമം റയില്‍വേ സ്റ്റേഷനു പ്രാധാന്യം കൈവരിക.

ഇപ്പോള്‍ ഇംഗിഷിലെ എല്‍ അക്ഷരത്തിന്റെ മാതൃകയിലാണ്‌ റയില്‍വേയുടെ പക്കല്‍ സ്ഥലമുള്ളത്‌. ഇത്‌ ചതുരാകൃതിയിലാക്കിയാല്‍ മാത്രമേ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കും മറ്റും വേണ്ടിയുള്ള കൂടുതല്‍ ട്രാക്കുകളോടെ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനു വേണ്ടി എത്ര ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും എന്നു കണ്ടെത്തുന്നതിന്‌ സര്‍വേ നടപടികളും തുടങ്ങിയിരുന്നു. ഇതിനിടെയാണ് പുതിയ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :